actor-surya-

കരിപ്പൂരിലെ വിമാനാപകടം രാജ്യത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. രാജമലയിലെ ഉരുള്‍പൊട്ടലിന്റെ വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിമാനാപകടത്തിന്റെ വാര്‍ത്തയും വരുന്നത്. എന്നാല്‍ സമീപവാസികളുടെ സമയോചിതമായ ഇടപെടലും രക്ഷാപ്രവര്‍ത്തനവും നിരവധി ജീവനുകളാണ് രക്ഷിച്ചത്.

സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എയര്‍ ഇന്ത്യയും തങ്ങളുടെ ആദരം അര്‍പ്പിക്കുകയുണ്ടായി. ഇപ്പോഴിതാ തമിഴ് സൂപ്പര്‍ താരം സൂര്യയും മലപ്പുറത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നു. ''വേദനയിലൂടെ കടന്നു പോകുന്ന കുടുംബങ്ങളുടെ സങ്കടത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്, പൈലറ്റുമാരോട് ബഹുമാനം'' എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.

My deep condolences to the grieving families... Prayers for speedy recovery of the injured! Salutes to the people of Malappuram & Respects to the pilots 🙏🏼 #flightcrash

— Suriya Sivakumar (@Suriya_offl) August 11, 2020

ദുബായില്‍ നിന്ന് 184 യാത്രക്കാരുമായി എത്തിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. 19 പേര്‍ മരിച്ചു. 171 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ജനങ്ങളെ ദേശീയ മാദ്ധ്യമങ്ങള്‍ അടക്കം അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.