sachin-pilot-ashok-gehlot

ന്യൂഡൽഹി: ഇരുപത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ താൻ ലക്ഷ്മണരേഖ മറികടന്നിട്ടില്ലെന്ന് സച്ചിൻ പൈലറ്റ്. ബി.ജെ.പിയുമായി ചേർന്ന് കോൺഗ്രസ് എം.എൽ.എമാരെ സ്വാധീനിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച സച്ചിനെ അശോക് ഗലോട്ട് ഒന്നിനും കൊള്ളാത്തവനെന്ന് വിളിച്ചിരുന്നു. ഇതേപ്പറ്റിയുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു സച്ചിന്റെ പ്രതികരണം. അശോക് ഗലോട്ട് തന്നെക്കാൾ മുതിർന്ന വ്യക്തിയാണ്. താൻ അദ്ദേഹത്തെ വ്യക്തിപരമായി ബഹുമാനിക്കുന്നു. അദ്ദേഹം തന്നെപ്പറ്റി പറഞ്ഞത് വേദനിപ്പിച്ചു. പക്ഷെ അതേക്കുറിച്ച്‌ പ്രതികരിക്കാൻ താൻ തയ്യാറല്ല. പൊതുവിടത്തിൽ പെരുമാറുന്നതിന് മാന്യതയും ഒരു ലക്ഷ്‌മണരേഖയുമുണ്ടെന്നാണ് താൻ കരുതുന്നതെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി.

രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ല. കുടുംബത്തിൽ നിന്ന് ചില മൂല്യങ്ങൾ താൻ ഉൾക്കൊണ്ടിട്ടുണ്ട്. ആരെ എത്രമാത്രം എതിർത്താലും ഒരിക്കലും അത്തരം ഭാഷ പ്രയോഗിക്കില്ല. ഗലോട്ടുമായുള്ള ബന്ധം വീണ്ടും മെച്ചപ്പെടുത്താൻ സാധിക്കാത്തത്ര വഷളായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കാരോടും വ്യക്തിപരമായ വിദ്വേഷങ്ങളില്ല. പാർട്ടിയ്ക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്. ഇനിയും അത് തുടരും. പദവി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. തനിക്ക് കുറച്ച് പരാതികൾ ഉണ്ടായിരുന്നു. അതുസംബന്ധിച്ച് പാർട്ടി ഹൈക്കമാൻഡ് തനിക്ക് കുറച്ച് ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചക്ക് ഒടുവിൽ ഒരു മാസം നീണ്ടുനിന്ന പ്രതിഷേധം അവസാനിപ്പിച്ച് സച്ചിൻ കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത് ഇന്നലെയായിരുന്നു. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഹൈക്കമാൻഡ് ഒരു പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സംഘടന ചുമതലയുള്ള ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.