വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വാർത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്‌പ്. ട്രംപിനെ ഉടൻ തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ആയുധധാരിയായ അക്രമിയെ വെടിവച്ച് വീഴ്ത്തി. പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഇക്കാര്യം പിന്നീട് ട്രംപ് സ്ഥിരീകരിച്ചു.
തിങ്കളാഴ്ച വൈകിട്ട് വൈറ്റ് ഹൗസ് പോഡിയത്തിൽ ട്രംപിന്റെ വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. വൈറ്റ് ഹൗസിന് അടുത്തായി പെൻസിൽവാനിയ 17-ാം സ്ട്രീറ്റിലാണ് വെടിവയ്പുണ്ടായത്. വാർത്താ സമ്മേളനം പുരോഗമിക്കുന്നതിനിടെ ട്രംപിനടുത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥൻ അദ്ദേഹത്തോട് വിവരം പറയുന്നതും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതും അദ്ദേഹത്തിന്റെ ട്വിറ്റർ പേജിൽ ടെലികാസ്റ്റ് ചെയ്ത വീഡിയോയിൽ നിന്നും വ്യക്തമാണ്. പിന്നീട് വാർത്താ സമ്മേളനം പുനരാരംഭിച്ചപ്പോൾ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്‌പുണ്ടായെന്നും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്നും വെടിയേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. വെടിയേറ്റയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ വെടിവച്ച് വീഴ്ത്തുകയായിരുന്നെന്നും ട്രംപ് പറഞ്ഞു.
സീക്രട്ട് സർവീസ് ഉദ്യോഗസ്ഥനാണ് ട്രംപ് കൊവിഡുമായി ബന്ധപ്പെട്ട വാർത്താസമ്മേളനം നടത്തുന്നതിനിടെ അദ്ദേഹത്തോട് പുറത്തേക്ക് പോകാൻ അഭ്യർത്ഥിച്ചത്. പത്ത് മിനിറ്റിന് ശേഷമാണ് ട്രംപ് തിരിച്ചെത്തിയതും വാർത്താ സമ്മേളനം തുടർന്നതും. സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രതയെ ട്രംപ് അഭിനന്ദിച്ചു.