covid-dead

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് അഞ്ചുപേർ മരിച്ചു. ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ സ്വദേശി എം ഡി ദേവസി, വയനാട് കാരക്കാമല സ്വദേശി മൊയ്തു, കോഴിക്കോട് പൊക്കുന്ന് സ്വദേശി ബിച്ചു, മലപ്പുറം സ്വദേശികളായ കൂട്ടിയപ്പു, മൊയ്തുപ്പ എന്നിവരാണ് മരിച്ചത്.


കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്നു എം ഡി ദേവസി. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ നിന്ന് കഴിഞ്ഞമാസം 25നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരണപ്പെടുകയുമായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മൊയ്തു മരിച്ചത്. കിഡ്‌നി, കരൾ രോഗങ്ങളുണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം.

കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെയാണ് കോഴിക്കോട് പൊക്കുന്ന് സ്വദേശി ബിച്ചു, മലപ്പുറം പുകയൂർ സ്വദേശി കൂട്ടിയപ്പു എന്നിവർ മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മൊയ്തുപ്പ മരിച്ചത്. ഇദ്ദേഹത്തിന് വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു.