flag

ന്യൂയോർക്ക്: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തിൽ അമേരിക്കയിലെ പ്രശസ്തമായ ടൈംസ് ചത്വരത്തിൽ ഭാരതത്തിന്റെ ത്രിവർണ പതാക ഉയരും. ഇന്ത്യക്കാരുടെ സംഘടനയായ ഫെഡറേഷൻ ഒഫ് ഇന്ത്യൻ അസോസിയേഷനാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നത്. ന്യൂയോർക്ക്, ന്യൂജെഴ്‌സി, കണക്ടികട്ട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഫെഡറേഷൻ ഒഫ് ഇന്ത്യൻ അസോസിയേഷനുകൾ (എഫ്‌.ഐ.എ) സംയുക്തമായാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുൽ ജനറലായ രൺധീർ ജയ്‌സ്വാൾ ആഘോഷ ചടങ്ങിൽ മുഖ്യാതിഥിയാകും. പരിപാടിയുടെ ഭാഗമായി എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ഓറഞ്ച്, വെള്ള, പച്ച എന്നീ വർണദീപങ്ങൾ കൊണ്ടലങ്കരിക്കും. ഇന്ത്യൻ - അമേരിക്കൻ സമൂഹത്തിന്റെ ദേശസ്‌നേഹത്തിന്റെ തെളിവാണ് പതാകയുയർത്തലെന്ന് എഫ്‌.ഐ.എ പറഞ്ഞു.

ഇത് ചരിത്രത്തിലാദ്യം

ടൈംസ് സ്ക്വയറിൽ ഇന്ത്യയുടെ ത്രിവർണ പതാക പ്രദർശിപ്പിക്കുന്നത് ഇതാദ്യമാണ്. എഫ്‌.ഐ.എ പ്രവർത്തനത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന വർഷം കൂടിയാണിത്. എഫ്‌.ഐ.എയുടെ നേതൃതൾത്തിൽ എല്ലാ വർഷവും ആഗസ്റ്റിൽ മാൻഹട്ടനിൽ പരേഡ് സംഘടിപ്പിക്കാറുണ്ട്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന ആ പരേഡ് കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറി ഉപേക്ഷിച്ചിരിക്കുകയാണ്.