pettimudi

തിരുവനന്തപുരം: 2018ൽ കേരളത്തിൽ സർവനാശം വിതച്ച പ്രളയത്തിന് ശേഷം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് തീരുമാനിച്ച റിവർ മാനേജ്മെന്റ് അതോറിട്ടി അടക്കമുള്ള മിക്ക പദ്ധതികളും ഇപ്പോഴും ജലരേഖയായി തുടരുന്നു. വെള്ളപ്പൊക്ക ബാധിത മേഖലകളിൽ വീടുകൾ നിർമ്മിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി. ഇടുക്കി രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായിട്ടും സർക്കാർ ഇപ്പോഴും ഇതൊന്നും ഗൗരവമായി കാണുന്നില്ലെന്നാണ് ആക്ഷേപം.

എവിടെ റിവർ മാനേജ്മെന്റ് അതോറിട്ടി
ജലവിഭവ മാനേജ്മെന്റിന്റെ ഭാഗമായ ജലാശയങ്ങളുടെ നവീകരണത്തിനും സംരക്ഷണത്തിനുമായാണ് റിവർ മാനേജ്മെന്റ് അതോറിട്ടി എന്ന ആശയം കൊണ്ടുവന്നത്. ജലവിതരണം, ശുചീകരണ സംവിധാനങ്ങൾ എന്നിവയുടെ മെച്ചപ്പെടുത്തൽ, ദുരന്തങ്ങൾ അതിജീവിക്കുന്ന റോഡുകളും പാലങ്ങളും നിർമ്മിക്കൽ തുടങ്ങിയവ പദ്ധതികൾ ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ, ഇതുവരെ ഇത് ഏർപ്പെടുത്താനായിട്ടില്ല.

ഫണ്ടുണ്ട്, ചെലവിടില്ല

നദികളിലെ മണൽ ഖനന സമയത്ത്‌ റോയൽ​റ്റി ഇനത്തിൽ കിട്ടുന്ന തുകയാണ് റിവർ മാനേജ്‌മെന്റ് ഫണ്ടായി സൂക്ഷിക്കുന്നത്. നദീ സംരക്ഷണ നിയമമനുസരിച്ചാണ് ഫണ്ട് സ്വരൂപിക്കുക. ഈ നിയമമനുസരിച്ച് നിശ്ചിത അളവിൽ മാത്രമെ മണൽ ഖനനം പാടുള്ളു. അനധികൃത മണൽ ഖനനത്തിനെതിരെ ഈടാക്കുന്ന പിഴയും റിവർ മാനേജ്‌മെന്റ് ഫണ്ടിനത്തിലേക്കാണ്‌ പോകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കമ്മി​റ്റി തുക അനുവദിക്കുന്നത്. എന്നാൽ, പമ്പാനദിയിൽ നാമമാത്രമായ പ്രവർത്തനങ്ങൾ നടത്തിയതൊഴിച്ചാൽ ഫണ്ടിൽ നിന്ന് കാര്യമായി തുക ചെലവിട്ടിട്ടില്ല. തീരം ഇടിയുന്ന സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടുക,​ നദീ സംരക്ഷണത്തിനായി 12 കോടി ചെലവിടുക തുടങ്ങിയവയ്ക്കുവേണ്ടിയാണ് ഫണ്ട് ചെലവഴിക്കുന്നത്.

മണ്ണിടിച്ചിൽ സാദ്ധ്യത

ദുരന്തനിവാരണ അതോറിട്ടിയുടെ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ 1848.3 ചതുരശ്ര കിലോമീറ്റർ പ്രദേശം മണ്ണിടിച്ചിൽ സാദ്ധ്യതയേറിയ അതീവ അപകട പ്രദേശങ്ങളാണ്. 5621 ചതുരശ്ര കിലോമീറ്റർ പ്രളയ സാദ്ധ്യതയേറിയതാണ്.

ജില്ലകളിലെ അപകടസാദ്ധ്യതാ മേഖലകൾ

ജില്ല,​ മണ്ണിടിച്ചിൽ,​ പ്രളയ സാദ്ധ്യത പ്രദേശം എന്ന ക്രമത്തിൽ
(ചതുരശ്ര കിലോമീറ്ററിൽ)​

തിരുവനന്തപുരം- 45.6,​ 268.1
കൊല്ലം- 75.6,​ 283.6
ആലപ്പുഴ- 000, 762.6
പത്തനംതിട്ട- 170.3,​ 213.3
കോട്ടയം- 61.8,​ 461.3
ഇടുക്കി- 388.3,​ 38.8
എറണാകുളം- 61.4,​ 718.9
തൃശൂർ- 108.1,​ 688.4
പാലക്കാട്- 324.6,​ 567.2
മലപ്പുറം- 198.6,​ 601.7
കോഴിക്കോട്- 109,​ 268.8
വയനാട്- 102.6,​ 215.4
കണ്ണൂർ- 168.7. 339.2
കാസർകോട്- 33.7,​ 196.8

(ഉരുൾപൊട്ടലുണ്ടായ ഇടുക്കിയിൽ 388 ചതരുശ്ര കിലോമീറ്റർ പ്രദേശം മണ്ണിടിച്ചിലിലൂടെ അപകടം സംഭവിക്കാവുന്ന അതിതീവ്ര പ്രദേശങ്ങളാണ്)