ന്യൂയോർക്ക് : മുതലകളെ എല്ലാവർക്കും പേടിയാണ്. ആനയുടെ അത്രയും വലിപ്പമില്ലെങ്കിലും മനുഷ്യനെ വരെ കൂളായിട്ട് അകത്താക്കുന്ന കൂർത്ത പല്ലുകളോട് കൂടിയ മുതലകളെ പറ്റി ആലോചിക്കുമ്പോൾ തന്നെ പേടി തോന്നും. എന്നാൽ ഒരു കാര്യം പറയട്ടെ, ഈ മുതലകളെല്ലാം വെറും ജൂനിയർ. ഇവരുടെയൊക്കെ മുത്തച്ഛൻമാർ ചില്ലറക്കാരായിരുന്നില്ല. ശരിക്കും ഭീമൻ - ഭീകരൻ മുതലകളായിരുന്നു അവർ. അവരുടെ ഒരു പല്ലിന്റെ വലിപ്പം കേൾക്കണോ... ഏകദേശം ഏത്തപ്പഴത്തോളം വലിപ്പം. ! ദിനോസറുകളായിരുന്നു ഇക്കൂട്ടരുടെ ഫേവറേറ്റ് ഫുഡ്. !
2018ൽ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ ഈ ആഴ്ച പുറത്തിറങ്ങിയ ജേണൽ ഒഫ് വെർട്ടിബ്രേറ്റ് പാലിയെന്റോളജിയിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. 'ഡെയ്‌നോസ്യൂകസ് ' എന്നാണ് ഈ മുതല മുത്തച്ഛന്റെ പേര്. വടക്കേ അമേരിക്കൻ ഭൂഖണ്ഡമായിരുന്നു ഇവരുടെ വിഹാര കേന്ദ്രം. ഏകദേശം സിറ്റി ബസുകളുടെ അത്രയും വലിപ്പം ഇക്കൂട്ടർക്കുണ്ടായിരുന്നതായും നീളം ഏകദേശം 33 അടി ആയിരുന്നുവെന്നും പുതിയ പഠനങ്ങളിലൂടെ ഗവേഷകർ പറയുന്നു. ഡെയ്‌നോസ്യൂകസിനെ പറ്റി നേരത്തെ ശാസ്ത്രലോകത്തിന് അറിവുണ്ടായുരുന്നെങ്കിലും ഇക്കൂട്ടരുടെ സ്വഭാവത്തെയും പല്ലിന്റെ ഘടനയേയും പറ്റി വിശദമായ വിവരങ്ങൾ ലഭ്യമാകുന്നത് ഇപ്പോഴാണ്.
ജലാശയങ്ങളിലൊക്കെ വെള്ളം കുടിക്കാനെത്തുന്ന ദിനോസറുകളെയൊക്കെ ഇക്കൂട്ടർ സെക്കന്റുകൾക്കുള്ളിൽ കടന്നാക്രമിക്കും. 'ഡെയ്‌നോസ്യൂകസ് ' എന്ന പേരിന്റെ അർത്ഥം തന്നെ ' ഭീകരൻ മുതലകൾ ( Terror Crocodiles ) ' എന്നാണ്. എന്നാൽ ചീങ്കണ്ണികളോടാണ് ഇവരുടെ സ്വഭാവത്തിന് സാമ്യം കൂടുതൽ. ഇതുവരെ മൂന്ന് സ്പീഷീസിൽപ്പെട്ട ഡെയ്‌നോസ്യൂകസുകളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അമേരിക്കയുടെ പടിഞ്ഞാറ് മൊണ്ടാന മുതൽ വടക്കൻ മെക്സിക്കോ വരെ, ന്യൂജേഴ്സി മുതൽ മിസിസിപ്പി വരെയുള്ള അറ്റ്‌ലാൻഡിക് തീരസമതലങ്ങൾ എന്നിവിടങ്ങളിൽ ഇവ ജീവിച്ചിരുന്നതായാണ് ലഭ്യമായ തെളിവുകൾ.
75 - 82 ദശലക്ഷം വർഷങ്ങൾക്ക് മുമ്പായിരുന്നു ഡെയ്‌നോസ്യൂകസുകൾ ഭൂമിയിലെ ജീവജാലങ്ങളെ വിറപ്പിച്ചിരുന്നത്. അന്ന് ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും വലിയ ഇരപിടിയൻമാർ ഇവർ ആയിരുന്നു. ദിനോസറുകൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകുന്നതിന് മുമ്പ് തന്നെ ഡെയ്‌നോസ്യൂകസുകൾക്ക് വംശനാശം സംഭവിച്ചരുന്നു. എന്നാൽ ഇതിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല.