ബെയ്റൂട്ട്: ലോകത്തെ നടുക്കിയ ബെയ്റൂട്ട് സ്ഫോടനത്തിനു പിന്നാലെ ലബനൻ സർക്കാർ രാജിവച്ചു. ഒരാഴ്ചയായി രാജ്യമാകെ സർക്കാരിനെതിരെ പ്രതിഷേധം അലയടിക്കുകയായിരുന്നു. ജനങ്ങളുടെ വികാരം ഉൾക്കൊള്ളുന്നതായും അവർക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നതായും രാജി അറിയിച്ചുകൊണ്ടുള്ള ടെലിവിഷൻ പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി ഹസൻ ദിയാബ് പറഞ്ഞു. മന്ത്രിസഭയിലെ പ്രധാന അംഗങ്ങളും രാജി സമർപ്പിച്ചു. പരിസ്ഥിതി മന്ത്രി ഡാമിയാനോസ് കത്തർ, ഇൻഫർമേഷൻ മന്ത്രി മനാൽ അബ്ദുൾ സമദ്, നിയമവകുപ്പ് മന്ത്രി മാരി ക്ലൗഡ് ന്ജ്മ് എന്നിവരാണ് നേരത്തെ രാജിവച്ചത്. ശനിയാഴ്ചയുണ്ടായ പ്രതിഷേധത്തിൽ ജനങ്ങളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഇതിൽ 172ഓളം പേർക്ക് പരിക്കേറ്റു. സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങൾക്കു നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. ഈ മാസം 4നുണ്ടായ അത്യുഗ്ര സ്ഫോടനത്തിൽ 160 പേരാണു മരിച്ചത്. 5,000ലേറെപ്പേർക്കു പരിക്കേറ്റു. മൂന്നുലക്ഷത്തോളം പേർ ഭവനരഹിതരായി. തുറമുഖത്തു സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റിന്റെ വൻശേഖരത്തിനു തീപിടിച്ചാണ് സ്ഫോടനമുണ്ടായത്.