ന്യൂഡൽഹി: നയതന്ത്ര ചാനൽവഴിയുളള സ്വർണക്കടത്ത് വിഷയത്തിൽ എം. പി മാരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ വിദേശകാര്യ ഉദ്യോഗസ്ഥർ. പാർലമെന്റിന്റെ വിദേശകാര്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയോഗത്തിൽ എൻ.കെ പ്രേമചന്ദ്രൻ, അൽഫോൺസ് കണ്ണന്താനം എന്നിവരാണ് വിഷയം ഉന്നയിച്ചത്. കേസിൽ അന്വേഷണം നടക്കുന്നു എന്നുമാത്രമാണ് ഉദ്യോഗസ്ഥർ മറുപടി നൽകിയത്. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് സമിതി അദ്ധ്യക്ഷൻ ഉദ്യോഗസ്ഥർക്ക് നേരത്തേ നിർദ്ദേശം നൽകിയിരുന്നതാണ്.
ലൈഫ് മിഷൻ, റെഡ്ക്രസന്റ് ഇടപാടുകൾ അറിഞ്ഞോ എന്നും എം പിമാർ ചോദിച്ചു. യുഎഇ കോൺസുലേറ്റ് മതഗ്രന്ഥം വിതരണം ചെയ്തെന്ന മന്ത്രി ജലീലിന്റെ വാദവും എം പിമാർ പരാമർശിച്ചു.
അതിനിടെ സ്വർണക്കടത്ത് കേസിൽ സ്വപ്ന, സരിത്ത് , സന്ദീപ് എന്നിവരെ നാലു ദിവസംകൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ഉന്നത വ്യക്തികളുമായി ബന്ധമുണ്ടെന്ന പ്രതികളുടെ മൊഴി വിശദമായി പരിശോധിക്കുകയാണെന്ന് എൻഫോഴ്‌സ്മെന്റ് കോടതിയെ അറിയിച്ചു.കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റാണെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചത്. കേസിൽ മൂന്നു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്.