ലണ്ടൻ : ഏഴ് വർഷമായി ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ചെൽസിയുടെ മിഡ്ഫീൽഡിലെ നെടുംതൂണായിരുന്ന ബ്രസീലിയൻ ഫുട്ബാളർ വില്ലെയ്ൻ ആഴ്സനലിലേക്ക് ചേക്കറി. ചെൽസിയുമായുള്ള കരാർ അവസാനിച്ചതിനെത്തുടർന്ന് ഇൗ സീസണിൽ ക്ളബ് വിടുമെന്ന് വില്ലെയ്ൻ സൂചിപ്പിച്ചിരുന്നെങ്കിലും എവിടേയ്ക്കാണ് മാറ്റമെന്നത് അവസാന നിമിഷം വരെ സസ്പെൻസാക്കി വച്ചിരിക്കുകയായിരുന്നു.മൂന്ന് വർഷത്തെ കരാറിലാണ് 32 കാരനായ താരം ആഴ്സനലിലെത്തിയതെന്നാണ് വിവരം.
അഞ്ചു വ്യത്യസ്ത പരിശീലകരുടെ കീഴിൽ ചെൽസിയിൽ കളിച്ചിട്ടുള്ള താരമാണ് വില്ലെയ്ൻ.ഇപ്പോഴത്തെ പരിശീലകൻ ഫ്രാങ്ക് ലമ്പാർഡും വില്ലെയ്നും ഒരുമിച്ച് കളിച്ചിട്ടുണ്ട്. റൈറ്റ് വിംഗ് പൊസിഷനിൽ ചെൽസിയിൽ കളിച്ചിരുന്ന വില്ലെയ്നെ പത്താം നമ്പർ കുപ്പായത്തിൽ സെൻട്രൽ മിഡ്ഫീൽഡറായി കളിപ്പിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് ആഴ്സനൽ കോച്ച് മൈക്കേൽ ആർട്ടേറ്റ പറഞ്ഞു. ഇൗ സീസണിൽ ആർട്ടേറ്റയുടെ ആദ്യ സൈനിംഗാണ് വില്ലെയ്ൻ.ചെൽസിയിൽ പ്രതിവാരം 120000 പൗണ്ട് പ്രതിഫലം വാങ്ങിയിരുന്ന താരം ഒരു ലക്ഷം പൗണ്ടിനാണ് ആഴ്സനലിലെത്തിയതെന്ന് റിപ്പോർട്ടുണ്ട്.
2013ൽ റഷ്യൻ ക്ളബ് ആൻജി മക്കാഷ്കലയിൽ നിന്ന് അപ്പോഴത്തെ പരിശീലകൻ ഹൊസെ മൗറീന്യോയാണ് വില്ലെയ്നെ ചെൽസിയിലെത്തിച്ചത്.
2006ൽ ബ്രസീലിയൻ ക്ളബ് കൊരിന്ത്യൻസിലൂടെയാണ് വില്ലെയ്ന്റെ പ്രൊഫഷണൽ കരിയർ തുടങ്ങുന്നത്.
2007ൽ ഉക്രേനിയൻ ക്ളബ് ഷാക്തർ ഡൊണെസ്കിലെത്തിയ താരം അവിടെ ആറുകൊല്ലം കളിച്ച ശേഷമാണ് ആൻജിയുമായി കരാർ ഒപ്പിട്ടത്.
11 മത്സരങ്ങളിൽ റഷ്യൻ ക്ളബിനായി കളിച്ചപ്പോഴേക്കും മൗറീന്യോ ചെൽസിയിലെത്തിച്ചു.
234 മത്സരങ്ങളിൽ ചെൽസിക്ക് വേണ്ടി കളിച്ച ഇൗ ബ്രസീലുകാരൻ 37 ഗോളുകൾ നേടി.
2 പ്രിമിയർ ലീഗ് കിരീടനേട്ടങ്ങളിൽ ചെൽസിക്കൊപ്പമുണ്ടായിരുന്നു. ഒാരോ എഫ്.എ കപ്പ്, ലീഗ് കപ്പ്,യൂറോപ്പ ലീഗ് കിരീടനേട്ടങ്ങളിലും പ്രധാന പങ്കുവഹിച്ചു.
2011ൽ ബ്രസീലിയൻ ടീമിൽ അരങ്ങേറിയ വില്ലെയ്ൻ രാജ്യത്തിനായി 70 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.