kk-shailaja

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വയോജന കേന്ദ്രങ്ങളിലെ എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനം. 619 വൃദ്ധ സദനങ്ങളിലെ 21,000 അന്തേവാസികൾക്കിടയിൽ പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയർ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നതായും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ആരോഗ്യ വകുപ്പും എൻ.എച്ച്.എമ്മും സാമൂഹ്യനീതി വകുപ്പും സഹകരിച്ചാണ് പരിശോധനകൾ നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള ആക്ഷൻപ്ലാൻ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായും മന്ത്രി വ്യക്തമാക്കി. പരിശോധനയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനങ്ങളെ സി.എഫ്.എൽ.ടി.സി ആക്കും. ഒന്നോ രണ്ടോ കേസുകൾ മാത്രമുണ്ടെങ്കിൽ അവരെ തൊട്ടടുത്തുള്ള സി.എഫ്.എൽ.ടി.സി.യിലേക്ക് മാറ്റും.

കെയർ ഹോമിന് പുറത്തുള്ള വയോജനങ്ങളുടെ കേസുകൾ പരിശോധിക്കുന്നതിന് കുടുംബശ്രീയുടെ ഗ്രാന്റ് കെയർ ആപ്പ് ഉപയോഗിക്കുന്നതാണ്. ജില്ലാതല വയോജന സെൽ ശക്തിപ്പെടുത്തി കോൾസെന്റർ സജ്ജമാക്കി വരുന്നതായും മന്ത്രി അറിയിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസറായിരിക്കും ഇതിന്റെ നോഡൽ ഓഫീസർ. ആരോഗ്യവകുപ്പിൽ നിന്നും ഡെപ്യൂട്ടി ഡി. എം.ഒ, വനിതാശിശു വികസന വകുപ്പിൽ നിന്നും പ്രോഗ്രാം ഓഫീസർ/സി.ഡി.പി.ഒ, വയോമിത്രം കോർഡിനേറ്റർ, 10 അങ്കണവാടി പ്രവർത്തകർ, 10 സന്നദ്ധ വോളണ്ടിയർ, സാമൂഹ്യ സുരക്ഷ മിഷന്റെ മെഡിക്കൽ ടീം, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ എന്നിവരാണ് ഈ സെല്ലിലുള്ളതെന്നും മന്ത്രി അറിയിച്ചു.