നമ്മൾ പലരും നമ്മുടെ കാര്യങ്ങൾ തന്നെ നോക്കാൻ സമയമില്ലാത്ത അവസ്ഥയിലായിരുന്നു ഇതുവരെ. കൊവിഡ് വന്നതോടെ ഒത്തിരി കാര്യങ്ങൾ പഠിക്കുകയും ഇത്രയും തിരക്ക് ജീവിതത്തിന് ആവശ്യമില്ലെന്ന സത്യം മനസിലാക്കുകയും ചെയ്തു. നമുക്കുചുറ്റും ഒന്നു കണ്ണോടിച്ചാൽ ജീവജാലങ്ങൾ നമ്മളെപ്പോലെതന്നെ ജോലിചെയ്തു ദൈനംദിന ജീവിതവൃത്തിയിൽ ഏർപ്പെടുന്നതായി കാണാം. അതിസൂക്ഷ്മ ജീവികളായ ചിലതിനെ പെട്ടെന്ന് നമ്മുടെ ദൃഷ്ടിയിൽപ്പെടാതെപോകാം. അവയെ പകർത്താനുള്ള ഒരുപാധിയാണ് ഏവരും ഇഷ്ടപ്പെടുന്ന മാക്രോ ഫോട്ടോഗ്രാഫി. മെഡിക്കൽ രംഗത്തെ ഒരു ആവശ്യഘടകമായ ഈ ഫോട്ടോഗ്രാഫി മേഖലകളെപ്പറ്റി മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. അത്തരം പലതരം ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
അടുക്കും ചിട്ടയുമായി ജീവിതം നയിക്കുന്ന ഉറുമ്പിന്റെ ജീവിതത്തിലെ ഒരു മുഹൂർത്തമാണ് ഇവിടെ പകർത്തിയിരിക്കുന്നത്. വല്ല ഗവേഷക വിദ്യാർത്ഥികളോ അനിമൽ പ്ലാനെറ്റ്, നാഷണൽ ജ്യോഗ്രഫി തുടങ്ങിയ ചാനലുകാരോ ഒക്കെ മാത്രമേ ഇവരെ അത്ര സൂക്ഷ്മമായി ശ്രദ്ധിക്കാറുള്ളു. ഏറെനേരത്തെ നിരീക്ഷണത്തിനു ശേഷം കിട്ടിയ ഒരു ചിത്രമാണ് ഇത്. തന്റെ ശരീര വലിപ്പത്തിന്റെ ഏതാണ്ട് 52 ഇരട്ടി ഭാരം വഹിക്കാൻ ഉറുമ്പുകൾക്കു കഴിയുമത്രേ! സംഘടിത ശക്തിയും വേണ്ടവിധം പ്രയോജനപ്പെടുത്താനും ഇവർക്ക് നന്നായി അറിയാം. തങ്ങൾക്ക് ഒറ്റയ്ക്ക് കഴിയാത്തതെങ്കിൽ ഓരോരുത്തരെ കൂട്ടി പറ്റമായിചേർന്ന് വലിയ ഇരകളെ വരെ എടുത്തുകൊണ്ട് പോകുന്ന കാഴ്ചകളും ഇടയ്ക്ക് ശ്രദ്ധിച്ചാൽ കാണാം. തന്റെ എത്രയോ മടങ്ങ് വലിപ്പമുള്ള പാറ്റപോലുള്ള ഏതോ പ്രാണിയുടെ ജഡം മഴപെയ്തു നനഞ്ഞ മിനുസമുള്ള തറയിലൂടെ ഒറ്റയ്ക്ക് തന്റെ സങ്കേതത്തിലേക്കു വലിച്ചുകൊണ്ട് പോകുകയാണ് അവ. ഇനി എപ്പോഴാണ് കൊവിഡ് പോലെ വല്ല വൈറസും വന്നുകേറുന്നതെന്നറിയില്ല. അടുത്ത ലോക് ഡൗൺ എന്നാ വരുന്നതെന്നും അറിയില്ല. ഏതായാലും കുറെ നാളത്തേക്ക് ഒരു കരുതൽ ഇരിക്കട്ടെ.