വാഷിംഗ്ടൺ: വിദേശികളെ ജോലിക്ക് എടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എച്ച് -1ബി വിസ നിയന്ത്രണ നിയമത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി ആമസോണും ഫേസ്ബുക്കും ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ. തങ്ങളുടെ ജോലിക്കാരിൽ ഏറെയും വിദേശികളാണെന്നും നിയമം തങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്. അമേരിക്കയിലെ കമ്പനികളിൽ വിദേശ ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ പോലും നിയമിക്കാൻ പാടില്ലെന്നാണ് ട്രംപ് പറയുന്നത്. തദ്ദേശീയർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ട്രംപ് പറയുന്നു. എന്നാൽ, അത് സ്വീകരിക്കാൻ മൾട്ടി നാഷണൽ കമ്പനികൾ ഇതുവരെ തയാറായിട്ടില്ല. മറ്റു വൻകിട വ്യവസായികളെയും കൂടി ഉൾപ്പെടുത്തി ആമസോണും ഫേസ്ബുക്കും ഒരു ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ട്രംപിന്റെ നീക്കം യു.എസ് സമ്പദ് വ്യവസ്ഥയിൽ നികത്താനാവാത്ത ഇടിവിനു കാരണമാകുമെന്നും നിയമം പുനഃപരിശോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.