new-zealand-

വെല്ലിംഗ്ടൺ : ന്യൂസിലൻഡിൽ വീണ്ടും കൊവിഡ് നിയന്ത്രണങ്ങൾ. തുടർച്ചയായ 102 ദിവസം സമ്പർക്ക രോഗികളെ റിപ്പോർട്ട് ചെയ്യാതിരുന്ന രാജ്യത്ത് വീണ്ടും പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് വൈറസിനെ പിടിച്ചു കെട്ടാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. സമ്പർക്കത്തിലൂടെ പുതിയ നാല് കേസുകളാണ് ന്യൂസിലൻഡിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന്യൂസിലൻഡിലെ ഏറ്റവും ജനസംഖ്യകൂടിയ നഗരമായ ഓക്ക്‌ലാൻഡിലാണ് നാല് കേസുകളും.

പ്രധാനമന്ത്രി ജസീന്ത ആർഡേൻ ഇക്കാര്യം സ്ഥിരീകരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച ( ഓഗസ്‌റ്റ് 12 ) ഉച്ചയ്ക്ക് 12 മുതൽ മൂന്ന് ദിവസത്തേക്കാണ് ഓക്ക്‌ലാൻഡിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ ഓക്ക്‌ലൻഡിലെ ഒരു കുടുംബത്തിലെ നാല് പേർക്കാണ് രോഗം. രോഗം സ്ഥിരീകരിച്ച ആരും രാജ്യത്തിന് പുറത്ത് യാത്രാ പശ്ചാത്തലമുള്ളവരല്ല. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. നിയന്ത്രണങ്ങളുടെ ഭാഗമായി റെസ്‌റ്റോറന്റുകൾ, ബാറുകൾ തുടങ്ങിയ അടഞ്ഞു കിടക്കും. അവശ്യ സേവനങ്ങൾക്ക് മാത്രമാകും ഇളവുകൾ.

ഓക്ക്‌ലാൻഡിൽ പത്തിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് നിരോധിച്ചു. ഓക്ക്‌ലാൻഡിലെ സ്കൂളുകൾ മൂന്ന് ദിവസത്തേക്ക് അടച്ചു. ഓക്ക്‌ലൻഡിന് പുറത്ത് ന്യൂസിലൻഡിന്റെ മറ്റ് ഭാഗങ്ങളിൽ ഇളവുകളോടെ നിയന്ത്രണങ്ങൾ തുടരും. ഇവിടെ 100 ലേറെ പേർ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുകയാണ്. 22 ദശലക്ഷം ജനങ്ങൾ താമസിക്കുന്ന ന്യൂസിലൻഡിൽ ഇതേവരെ 22 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1570 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. മേയ് ഒന്ന് മുതൽ ന്യൂസിലൻഡിൽ പ്രാദേശികമായ സമ്പർക്ക രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നില്ല.