wonder-la

 കൊച്ചിയിൽ സെപ്‌തംബറിൽ തുടങ്ങും

കൊച്ചി: പ്രമുഖ അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർല ഹോളിഡെയ്‌സ്, ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ആരംഭിച്ച ക്ളൗഡ് കിച്ചനായ 'വണ്ടർ കിച്ചന്റെ" രണ്ടാമത് കിച്ചൻ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിൽ പ്രവർത്തനം തുടങ്ങി. ആദ്യ വണ്ടർ കിച്ചൻ, ബംഗളൂരുവിലെ കെങ്കേരിയിൽ ജൂൺ 17ന് തുറന്നിരുന്നു. ഉപഭോക്താക്കൾക്ക് ഭക്ഷണം വാങ്ങാവുന്നതും ഓർഡർ അനുസരിച്ച് അതത് സ്ഥലങ്ങളിൽ എത്തിച്ച് നൽകുന്നതുമായ സംരംഭമാണിത്. സെപ്‌തംബറിൽ കൊച്ചിയിലും തുടർന്ന് ഹൈദരാബാദിലും വണ്ടർ കിച്ചന് തുടക്കമിടാനും കമ്പനി പദ്ധതിയിടുന്നു.

കൊവിഡും ലോക്ക്ഡൗണും മൂലം കൊച്ചി, ബംഗളൂരു, ഹൈദരാബാദ് പാർക്കുകൾ അടച്ചിട്ടതിനാൽ ഏപ്രിൽ-ജൂൺപാദത്തിൽ കമ്പനി 14.51 കോടി രൂപ നഷ്‌ടം രേഖപ്പെടുത്തി. ആദ്യപാദ നഷ്‌ടം ചരിത്രത്തിൽ ആദ്യമാണ്. 2019ലെ സമാനപാദത്തിൽ 42.03 കോടി രൂപയുടെ ലാഭം വണ്ടർല നേടിയിരുന്നു. സർക്കാർ നിർദേശിക്കുന്ന മാനദണ്ഡപ്രകാരം പാർക്കുകൾ വൈകാതെ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സന്ദർശകർക്ക് എല്ലാ സുരക്ഷാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ ജോർജ് ജോസഫ് പറഞ്ഞു.