തിരുവനന്തപുരം : പ്രളയവും കൊവിഡും ജനജീവിതത്തെ ദുസഹമാക്കിയപ്പോള്‍ ജീവഭയം കൂടാതെ രക്ഷയ്‌ക്കെത്തിയവരാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. പൊതുഗതാഗത സംവിധാനം സംരക്ഷിക്കേണ്ട ആവശ്യകത സാധാരണക്കാര്‍ക്ക് പോലും മനസിലാക്കി നല്‍കാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ക്കായി. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ജോലി നോക്കുന്ന പതിനായിരങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇന്നും പരിഹാരമായിട്ടില്ല. ആരോഗ്യത്തിന്റെ നല്ലകാലം കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന ഇവര്‍ക്ക് വാര്‍ദ്ധക്യകാലത്ത് തണലേകാന്‍ ലഭിക്കുന്ന പെന്‍ഷന്‍ കിട്ടുമോ എന്ന് ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയവരുടെ അവസ്ഥയാണ് പരമ ദയനീയം. പ്രതിമാസം നിശ്ചിത ശതമാനം തുക പെന്‍ഷനായി ശമ്പളത്തില്‍ നിന്നും മാനേജ്‌മെന്റ് പിടിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നില്ല എന്നതാണ് കാരണം. ഒന്നും രണ്ടുമല്ല കഴിഞ്ഞ അമ്പത് മാസമായി ഈ ഗുരുതര വീഴ്ച മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുകയാണ്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനമാണ് പെന്‍ഷനായി പിടിക്കുന്നത്.ജീവനക്കാരില്‍ നിന്നും പിടിക്കുന്ന തുകയുടെ അത്രതന്നെ മാനേജ്‌മെന്റും ചേര്‍ത്താണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കേണ്ടത്. എന്നാല്‍ നഷ്ടങ്ങളുടെ കുത്തൊഴുക്കില്‍ പെട്ട കെ.എസ്.ആര്‍.ടി.സിക്ക് പലപ്പോഴും ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല. ഓരോ മാസവും നാല് കോടിയോളം രൂപയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ അടയ്‌ക്കേണ്ടത്. ഇപ്പോള്‍ ഇത് ഏകദേശം 155 കോടിയുടെ ഭാരമായി മാനേജ്‌മെന്റിന് മാറിയിരിക്കുകയാണ്.
2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വീസില്‍ പ്രവേശിച്ച 10394 ജീവനക്കാരാണ് പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ തന്നെ പകുതിയോളം പേര്‍ക്ക് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ അക്കൗണ്ട് പോലും ഇതുവരെ തുറക്കപ്പെട്ടിട്ടില്ല. സ്വന്തം ശമ്പളത്തില്‍ നിന്നും തുക പിടിച്ചിട്ടും യഥാസമയത്ത് മാനേജ്‌മെന്റ് വീഴ്ചവരുത്തുന്നതിനാല്‍ ലഭിക്കേണ്ട പലിശയടക്കമുള്ള ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് നഷ്ടപ്പെടുകയാണ്.
പിരിച്ചെടുക്കുന്ന തുക കൃത്യമായി പെന്‍ഷന്‍ ഫണ്ടിലടയ്ക്കാത്ത മാനേജ്‌മെന്റ് വീഴ്ചയെ കുറിച്ച് പരാതി പറഞ്ഞ് മടുത്ത അവസ്ഥയിലാണ് ജീവനക്കാരിപ്പോള്‍. നീതി തേടി പ്രധാനമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാർ. ഇതിനായി ബി.എം.എസിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം പുരോഗമിക്കുകയാണ്. പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കാനുള്ള കുടിശ്ശികയായ 155 കോടിയില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഇതിനകം പിരിച്ചെടുത്ത 77.5 കോടി എന്ത് ചെയ്തു എന്നതിന് പോലും മാനേജ്‌മെന്റിന് ഉത്തരമില്ലെന്ന് പ്രമുഖ യൂണിയനായ ബി.എം.എസ് ആരോപിക്കുന്നു. മുഖ്യമന്ത്രി, തൊഴില്‍ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും അനുകൂല നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ ആഗസ്റ്റ് 11, 12, 13 തീയതികളില്‍ ജീവനക്കാരുടെ ഒപ്പുശേഖരണം നടത്തി പ്രധാനമന്ത്രിക്ക് ഭീമഹര്‍ജി സമര്‍പ്പിക്കാനുള്ള നടപടിയിലേക്ക് കടക്കുകയാണ് ബി എം എസ്.