
ബെയ്റൂട്ട്: ബെയ്റൂട്ടിലെ വൻ സ്ഫോടനത്തിനു പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളിൽ സൂക്ഷിച്ചിരുന്ന അപകടകരമായ വസ്തുക്കൾ കൂടുതൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്ന് ഈജിപ്ത് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ‘അപകടകരമായ വസ്തുക്കളുമായി ബന്ധപ്പെട്ട് മുൻകരുതൽ നടപടികൾ മന്ത്രാലയം എടുക്കുകയാണ്. വിമാനത്താവളങ്ങളുടെയും പാർപ്പിട മേഖലകളുടെയും പരിധിക്ക് പുറത്തുള്ള സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റും’– സിവിൽ ഏവിയേഷൻ മന്ത്രി മുഹമ്മദ് മനാറിന്റെ പ്രസ്താവനയിൽ പറയുന്നു. അതേസമയം, ഏത് തരത്തിലുള്ള വസ്തുക്കളാണ് നീക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. കയ്‌റോ വിമാനത്താവളത്തിലെയും രാജ്യത്തുടനീളമുള്ള മറ്റെല്ലാ വിമാനത്താവളങ്ങളിലെയും സംഭരണശാലകളിലെയും വസ്തുക്കൾ എന്നാണ് പരാമർശിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ ഒരു കമ്മിറ്റി വിലയിരുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.