തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1242 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 105 പേരുടെ ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും വന്നവരിൽ 62 പേർ്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 72 പേർക്കും രോഗം സ്ഥിരീകരിച്ചു. രോഗബാധിതരെക്കാൾ രോഗമുക്തി ഇന്നുണ്ട്. 1426 പേർക്കാണ് രോഗമുക്തി നേടാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 5 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഇവർക്ക് ആദരാഞ്ജലി അർപ്പിച്ചു.
കൊവിഡ് പോസിറ്രീവായവരുടെ ജില്ല തിരിച്ചുളള കണക്ക് ഇങ്ങനെ. തിരുവനന്തപുരം 297,മലപ്പുറം 242, കോഴിക്കോട് 158, കാസർഗോഡ് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശ്ശൂർ 32, കണ്ണൂർ 36, കൊല്ലം 25, കോട്ടയം 24, പാലക്കാട് 20, വയനാട് 18, ഇടുക്കി 4.
കണ്ണൂർ കോളയാട് സ്വദേശി കുമ്പമാറാടി(75), തിരുവനന്തപുരം സ്വദേശികളായ വർക്കല സ്വദേശി ചെല്ലയ്യ(68), വലിയതുറ സ്വദേശി മണിയൻ(80), വെളളനാട് സ്വദേശി പ്രേമ(52),എറണാകുളം ചെല്ലാനം സ്വദേശിനി റീത്ത ചാൾസ്(87) എന്നിവർ കൊവിഡ് ബാധിച്ച് മരിച്ചതായി ഇന്ന് സ്ഥിരീകരിച്ചു. കുടിയേറ്റ തൊഴിലാളികളായ 68 മത്സ്യബന്ധന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാസ്‌ക് ധരിക്കാതെ രണ്ടാം വട്ടവും പിടിക്കപ്പെടുന്നവക്ക് 2000 രൂപ പിഴയീടാക്കും. മാസ്‌ക് ധരിക്കാതെ നടപടി നേരിട്ടവരുടെ ഡാറ്റ ബാങ്ക് തയ്യാറാക്കും. മാസ്‌ക് ധരിക്കാത്തതിന് 6954 കേസുകളും ക്വാറന്റൈൻ ലംഘിച്ചതിന് 10 കേസുകളും രജിസ്ട്രർ ചെയ്‌തു. കൊവിഡ് നിയന്ത്രണത്തിലെ പൊലീസ് പങ്കാളിത്തം ജനങ്ങൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം, ആലപ്പുഴ,മലപ്പുറം ജില്ലകളിൽ പൊലീസ് നടപടികൾ കർശനമാക്കും.
സംസ്ഥാനത്ത് വിവിധ ക്ളസ്‌റ്ററുകളിൽ രോഗം അതിവേഗം പടരുകയാണ്. കാസർഗോഡ് ബീച്ച് ക്ളസ്‌റ്ററിൽ രോഗം വർദ്ധിക്കുകയാണ്. ആലപ്പുഴയിൽ ആറ് ക്ളസ്‌റ്ററിൽ രോഗം വ്യാപിക്കുന്നു. കോട്ടയം അതിരമ്പുഴ പുതിയ ക്ളസ്‌റ്ററാകും. ഫോർട്ട് കൊച്ചി ക്ളസ്‌റ്ററിലും ആശങ്ക ഉയർത്തുന്ന തരത്തിൽ രോഗം പടരുകയാണ്. കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാകും. ഇവിടെയുളള ഡയാലിസിസ് സംവിധാനം നിലനിർത്തും.ജനമൈത്രി പോലീസിന്റെ സഹായത്തോടെ നിരീക്ഷണവും ബോധവൽകരണവും, നാട്ടുകാരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.