gk-menon

മുംബയ് : പ്രശസ്ത കായിക പത്രപ്രവർത്തകൻ ജി.കെ മേനോൻ അന്തരിച്ചു. 93 വയസായിരുന്നു. സ്‌പോർട്‌സ് അഡ്മിനിസ്‌ട്രേറ്ററായി കരിയർ ആരംഭിച്ച അദ്ദേഹം മുംബൈ ദാദറിലെ ശിവാജി പാർക്ക് ജിംഖാനയിലെ സജീവ അംഗമായിരുന്നു. ക്ലബ്ബ് തലത്തിൽ ക്രിക്കറ്റ് താരമായിരുന്നു. അതിനു ശേഷം മാധ്യമപ്രവർത്തനത്തിലേക്ക് ശ്രദ്ധതിരിച്ച അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയിൽ 20 വർഷക്കാലത്തോളം സേവനമനുഷ്ടിച്ചു. ഇന്ത്യൻ എക്‌സ്‌പ്രസിലും ജോലി ചെയ്തിട്ടുണ്ട്.

1952-1953 കാലത്ത് രോഹിന്റൺ ബാരിയ ട്രോഫി ജയിച്ച ബോംബെ യൂണിവേഴ്‌സിറ്റി ടീമിന്റെ മാനേജരായിരുന്നു അദ്ദേഹം. ഭാവി ടെസ്റ്റ് താരങ്ങളായ ചന്തു പട്ടാങ്കർ, നരി കോൺട്രാക്ടർ, രാംനാഥ് കെന്നി, നരേൻ തംഹാനെ, ജി.ആർ സുന്ദരം തുടങ്ങിയവരെല്ലാം അന്ന് ബോംബെ യൂണിവേഴ്‌സിറ്റി ടീമിലുണ്ടായിരുന്നു. സ്‌പോർട്‌സ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന കാലത്ത് യുവതാരങ്ങളുടെ വളർച്ചയിൽ ഏറെ ശ്രദ്ധിച്ചിരുന്ന അദ്ദേഹം അന്തരിച്ച മുന്‍ ഇന്ത്യൻ പേസർ രമാകാന്ത് ദേശായിയുടെ വളർച്ചയിൽ കാര്യമായ പങ്കുവഹിച്ച വ്യക്തിയാണ്.

1956, 1969 വർഷങ്ങളിലെ ആസ്‌ട്രേലിയയുടെ പര്യടനത്തിന്റെ റിപ്പോർട്ടുകളാണ് മേനോനെ പ്രശസ്തനാക്കിയത്. ഇന്ത്യൻ ബാറ്റിംഗ് തകർച്ചയിൽ അരിശം പൂണ്ട കാണികളുടെ കലാപം കൊണ്ട് കുപ്രസിദ്ധമായ 1969-ലെ ബ്രാബോൺ ടെസ്റ്റിനിടെ പ്രസ് ബോക്‌സിൽ മേനോനുമുണ്ടായിരുന്നു. അന്ന് സ്‌റ്റേഡിയത്തിൽ നടന്ന ലഹളയ്ക്കു പിന്നാലെ പ്രസ് ബോക്‌സിലിരുന്ന മേനോൻ മൈതാനത്തേക്കിറങ്ങി കളി നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ട സംഭവം പ്രശസ്ത ആസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ റേ റോബിൻസൺ 'ദ വൈൽഡസ്റ്റ് ടെസ്റ്റ്‌സ്' എന്ന തന്റെ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. അന്നത്തെ ഓസീസ് ക്യാപ്ടൻ ബിൽ ലൗറിയും മേനോനും രൂക്ഷമായി തർക്കിച്ച സംഭവവും റേ റോബിൻസണിന്റെ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.