sha

ശ്രീനഗർ: മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ ജമ്മു കാശ്മീർ പീപ്പിൾസ് മൂവ്മെന്റ് (ജെ.കെ.പി.എം) പ്രസി‍ഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ചു. കഴിഞ്ഞവർഷമാണ് ഷാ ഫൈസൽ പാർട്ടി അദ്ധ്യക്ഷപദവിയിലെത്തിയത്. സംസ്ഥാനത്തെ രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ജെ.കെ.പി.എം എക്സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ ദിവസം ചേർന്നിരുന്നതായി പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടരാൻ പറ്റിയൊരു സാഹചര്യത്തിലല്ല താനെന്നും ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിവാക്കണമെന്നും ഷാ ഫൈസൽ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുന്നതായും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ പാർട്ടി ഉപാദ്ധ്യക്ഷൻ ഫിറോസ് പീർസാദ ഇടക്കാല അദ്ധ്യക്ഷനായി തുടരും. മുൻ എം.എൽ.എയും ചെയർമാനുമായ ജാവേദ് മുസ്തഫ മിറിന്റെ രാജിയും യോഗം അംഗീകരിച്ചു. 2019 ജനുവരിയിലാണ് ഫൈസൽ അപ്രതീക്ഷിതമായി ഐ.എ.എസ് പദവി രാജിവച്ച് സ്വന്തം രാഷ്ട്രീയപാർട്ടി രൂപീകരിച്ചത്.