putin

 വാക്സിൻ രജിസ്റ്റർ ചെയ്ത ആദ്യ രാജ്യം

 100 കോടി ഡോസിന് ഓർഡർ

മോസ്കോ: അമേരിക്കയെയും ചൈനയെയുമൊക്കെ കടത്തിവെട്ടി,​ സ്വന്തമായി വികസിപ്പിച്ച കൊവിഡ് വാക്സിൻ ജനങ്ങൾക്ക് ഉപയോഗിക്കാനായി രജിസ്റ്റർ ചെയ്ത ലോകത്തെ ആദ്യ രാജ്യമായി റഷ്യ. പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ മകൾക്ക് രണ്ട് ഡോസ് വാക്‌സിൻ കുത്തിവയ്‌ക്കുകയും ചെയ്‌തു. സ്‌പുട്നിക് 'എന്നാണ് വാക്സിന്റെ പേര് '.

ശീതയുദ്ധകാലത്ത് അമേരിക്കയെ ഞെട്ടിച്ച് ലോകത്താദ്യമായി റഷ്യ വിക്ഷേപിച്ച ഉപഗ്രഹമാണ് സ്‌പുട്നിക്. 1954 ഒക്ടോബർ 4നായിരുന്നു വിക്ഷേപണം.

'ഈ പ്രഭാതത്തിൽ ലോകത്ത് ആദ്യമായി കൊറോണ വൈറസ് വാക്സിൻ രജിസ്റ്റർ ചെയ്തിരിക്കുന്നു. വാക്‌സിൻ നിരവധി തവണ പരീക്ഷിച്ചു. മനുഷ്യരിൽ സുരക്ഷിതമാണെന്നും കൊവിഡിനെതിരെ ഫലപ്രദമാണെന്നും തെളിഞ്ഞു. ദീർഘകാലപ്രതിരോധശേഷി നൽകും - ഇന്നലെ മന്ത്രിമാർക്കൊപ്പം ഒരു യോഗത്തിൽ പുടിൻ പ്രഖ്യാപിച്ചു. മകൾക്ക് വാക്സിൻ കുത്തിവച്ചതും അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. വാക്‌സിൻ 12ന് രജിസ്റ്റർ ചെയ്യുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഒരു ദിവസം നേരത്തേ പുടിൻ സന്തോഷ വാർത്ത ലോകത്തെ അറിയിച്ചു.

അടുത്തമാസം വൻതോതിൽ വാക്സിൻ ഉത്പാദനം ആരംഭിക്കും. ഒക്ടോബറിൽ രാജ്യത്ത് വാക്‌സിനേഷൻ. ഡോക്ടർമാർ, അദ്ധ്യാപകർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് ആദ്യം വാക്‌സിൻ നൽകുക. 20 രാജ്യങ്ങൾ നൂറ് കോടി ഡോസ് വാക്സിനുള്ള ഓർഡറാണ് റഷ്യയ്‌ക്ക് നൽകിയിരിക്കുന്നത്. ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.

തിടുക്കമെന്ന് ആക്ഷേപം

അനാവശ്യമായ തിടുക്കത്തിലാണ് റഷ്യ വാക്‌സിൻ ഉപയോഗിക്കുന്നതെന്ന് അന്താരാഷ്ട്രതലത്തിൽ ആശങ്കകൾ ഉയർന്നിട്ടുണ്ട്. തിടുക്കം വേണ്ടെന്നും മനുഷ്യരിലെ മൂന്നാം ഘട്ടം ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കണമെന്നും ഗവേഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളിൽ പരീക്ഷിക്കുന്ന മൂന്നാംഘട്ടം പൂർത്തിയാകാൻ മാസങ്ങളെടുക്കും. ആ പരീക്ഷണം ഒഴിവാക്കുന്നത് ദോഷകരമാകുമെന്നാണ് മുന്നറിയിപ്പ്.

മകൾക്ക് സുഖം

''മകൾക്ക് ആദ്യ ഡോസ് കുത്തിവച്ചപ്പോൾ 100.4 ഡിഗ്രി പനി ഉണ്ടായി. പിറ്റേന്ന് പനി 98.6 ഡിഗ്രിയായി കുറഞ്ഞു. രണ്ടാം ഡോസിൽ വീണ്ടും പനിച്ചെങ്കിലും സുഖമായി. ശരീരത്തിൽ വളരെയധികം ആന്റിബോഡി ഉണ്ടായി - പുടിൻ പറഞ്ഞു. രണ്ട് പെൺമക്കളിൽ (മരിയ, കത്രീന) ആ‌ർക്കാണ് വാക്സിൻ കുത്തിവച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

ആഴ്ചകൾക്കുള്ളിൽ വൻതോതിൽ വാ‌ക്സിൻ ഉത്പാദനം ആരംഭിക്കും. അടുത്ത വർഷത്തോടെ മാസം പത്ത് ലക്ഷം ഡോസുകൾ ലഭ്യമാക്കും.

- വ്ളാഡിമിർ പുടിൻ, റഷ്യൻ പ്രസിഡന്റ്