ബൊക്കാറോ: വിദ്യാഭ്യാസ മന്ത്രി വെറും 'പത്താംക്ളാസും ഗുസ്തിയും" എന്നു പറഞ്ഞ് പരിഹസിച്ചവർക്ക് ചുട്ട മറുപടി നൽകിയിരിക്കയാണ് ജാർഖണ്ഡ് വിദ്യാഭ്യാസമന്ത്രി ജഗർനാഥ് മഹ്‌തോ.
53കാരനായ മന്ത്രി 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം പതിനൊന്നാം ക്ളാസിൽ ചേർന്നാണ് രാജ്യത്തിനാകെ മാതൃകയായിരിക്കുന്നത്.
പഠിച്ചുകൊണ്ടിരിക്കുക എന്നതിനപ്പുറം മറ്റെന്തുയോഗ്യതയാണ് വിദ്യാഭ്യാസമന്ത്രിക്ക് വേണ്ടത്. പഠിക്കാൻ പ്രായമൊരു തടസമല്ലെന്ന മഹ്‌തോയുടെ മറുപടിക്ക് മുന്നിൽ വിമർശകരുടെ വായടഞ്ഞു.
ഡുമ്രി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ ജഗർനാഥ് മഹ്‌തോ ബൊക്കാറോയിലെ ദേവി മഹാതോ ഇന്റർ കോളേജിൽ ആർട്സ് വിഭാഗത്തിലാണ് പ്ളസ് വണിന് ചേർന്നത്. മന്ത്രി നേരിട്ട് സ്കൂളിലെത്തി വിദ്യാർത്ഥികൾക്കൊപ്പം ക്യൂ നിന്ന് അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് 1000 രൂപ ഫീസും അടച്ചു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ ഹ്യുമാനിറ്റീസ് പഠിച്ചശേഷം ബിരുദം നേടുകയാണ് ലക്ഷ്യം.
1995ൽ തെലോ നെഹ്റു ഹൈസ്കൂളിൽ നിന്നും പത്താംക്ളാസ് പാസായെങ്കിലും ദാരിദ്ര്യം തുടർപഠനത്തിന് തടസമായി. മൂത്ത അഞ്ചു സഹോദരൻമാർക്കൊപ്പം മഹ്‌തോയേയും സ്കൂളിൽ അയയ്ക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല കുടുംബത്തിന്. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ഉൾഗ്രാമത്തിൽ നിന്ന് പുറത്ത്പോയി പഠിക്കുക എളുപ്പമല്ലായിരുന്നു. പിന്നീട് ബിഹാറിൽ നിന്ന് പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടുള്ള 'ജാർഖണ്ഡ് പ്രക്ഷോഭത്തിന്റെ" ഭാഗമായി. അതുവഴി രാഷ്ട്രീയത്തിലേക്കെത്തുകയായിരുന്നു.
ജാർഖണ്ഡ് മുക്തി മോർച്ച അംഗമായ മഹ്‌തോ രണ്ടു തവണ എം.എൽ.എ ആയിട്ടുണ്ട്. ഹേമന്ത് സോറൻ മുഖ്യമന്ത്രി ആയപ്പോൾ വിദ്യാഭ്യാസമന്ത്രി ആയി മഹ്‌തോ ചുമതലയേറ്റു. അതോടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ യോഗ്യത പ്രതിപക്ഷം ചോദ്യം ചെയ്തത്.
മഹ്‌തോ വിദ്യാഭ്യാസമന്ത്രിയായ ഉടൻ തന്നെ സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിലെ അധിക ഫീസ് വെട്ടിക്കുറച്ചിരുന്നു.