തിരുവനന്തപുരം: മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചത് കാരണം മാദ്ധ്യമപ്രവർത്തകർക്കെതിരെ സൈബർ ആക്രമണം ഉണ്ടായ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർനടപടികളെ കുറിച്ച് മാദ്ധ്യമങ്ങൾ ആരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
വ്യക്തി അധിക്ഷേപങ്ങൾ ഉണ്ടാകുമ്പോൾ ഇരട്ടത്താപ്പ് നയം സ്വീകരിക്കാൻ പാടില്ലെന്നും ഇക്കാര്യത്തിൽ എല്ലാവരും ഒരേ നിലപാട് തന്നെയാണ് സ്വീകരിക്കേണ്ടതെന്നുമാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
'നാം എല്ലാവരും കാണേണ്ടത്, ഏതെങ്കിലും കൂട്ടർക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ വന്നാൽ...അത് തരക്കേടില്ല, നല്ല കാര്യം, പോട്ടെ...പോട്ടെ..അതേ വഴിക്ക് പൊയ്ക്കോട്ടെ...എന്ന് കൈയ്യടിച്ച് കൊടുക്കുക. മറ്റ് ചിലത് വരുമ്പോൾ..ഓഹോ ഇങ്ങനെ വന്നോ? ഇതെന്താണിത്? ഇങ്ങനെ സംഭവിക്കാൻ പാടുണ്ടോ...എന്ന് പറഞ്ഞ് രോഷം കൊള്ളുക...ഈ ഒരു ഇരട്ടത്താപ്പ് പാടില്ല'- മുഖ്യമന്ത്രി പറഞ്ഞു.
വ്യക്തിപരമായ അധിക്ഷേപങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ ഉള്ളവർ മാത്രമല്ല മറ്റ് മാദ്ധ്യമങ്ങളും ഒഴിഞ്ഞ് നിൽക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശയസംവാദങ്ങൾ ആകാമെന്നും എന്നാൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ ആരും നടത്താൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാദ്ധ്യമപ്രവർത്തകരുടെ പരാതി അന്വേഷണത്തിന് വിട്ടിട്ടുണ്ടെന്നും ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നത് തന്നെയാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം അറിയിച്ചു. അത് ആർക്കെതിരെ ആയാലും അങ്ങനെ തന്നെയാണ് നിലപാടെന്നും ഇക്കാര്യത്തിൽ ശരിയായ രീതിയിൽ അന്വേഷണം നടക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.