heg

ബംഗളൂരു: പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലിലെ ജീവനക്കാർ ദേശദ്രോഹികളാണെന്ന് മുൻ കേന്ദ്രമന്ത്രിയും ഉത്തര കന്നട ബി.ജെ.പി എം.പിയുമായ അനന്തകുമാർ ഹെഗ്ഡെ. ഉത്തര കന്നഡയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അറിയപ്പെടുന്ന ഒരു കമ്പനി വികസിപ്പിക്കാൻ പ്രവർത്തിക്കാത്ത ദേശ ദ്രോഹികളാണ് ബി.എസ്.എൻ.എൽ ജീവനക്കാർ. രാജ്യത്തിന് ഒരു കറുത്ത പൊട്ടായി തീർന്ന ബി.എസ്.എൻ.എൽ മോദി സർക്കാർ സ്വകാര്യമേഖലയ്ക്ക് കൈമാറുമെന്നും 88,000 ജീവനക്കാരെ പുറത്താക്കുമെന്നും' അദ്ദേഹം പറഞ്ഞു.
88,000 ജീവനക്കാരുണ്ടായിട്ടും സ്ഥാപനത്തിന്റെ നിലവാരം ഉയർന്നിട്ടില്ല. പണവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം സർക്കാർ നല്‍കുന്നുണ്ടെങ്കിലും ജീവനക്കാർ ജോലി ചെയ്യാൻ തയ്യാറാകുന്നില്ലെന്നും ഹെഗ്ഡെ പറഞ്ഞു. മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരം ഒരു നാടകമാണെന്നതുൾപ്പെടെ നേരത്തെയും ഹെഗ്ഡെ വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.