gold

 ഇന്നലെ കുറഞ്ഞത് ₹800

കൊച്ചി: റെക്കാഡ് ഉയരത്തിൽ നിന്ന് പൊന്നിൽ വില താഴേക്ക് ഇറങ്ങുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ പവന് കുറഞ്ഞത് 1,200 രൂപയാണ്; ഗ്രാമിന് 150 രൂപയും. ഇന്നലെ മാത്രം പവന് 800 രൂപയും ഗ്രാമിന് 100 രൂപയും കുറഞ്ഞു. പവന് 40,800 രൂപയിലും ഗ്രാമിന് 5,100 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം. പ്രമുഖ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സിൽ പത്തു ഗ്രാമിന് കഴിഞ്ഞ മൂന്നു നാൾക്കിടെ 1,500 രൂപ താഴ്‌ന്ന് വില 54,600 രൂപയായി.

കൊവിഡ് പ്രതിസന്ധി മൂലം ഓഹരി-കടപ്പത്ര വിപണികൾ നേരിട്ട തളർച്ചയെ തുടർന്ന്, സുരക്ഷിത നിക്ഷേപമെന്ന പട്ടംചൂടിയാണ് കഴിഞ്ഞദിവസങ്ങളിൽ സ്വർണവില റെക്കാഡ് കുതിപ്പ് നടത്തിയത്. രാജ്യാന്തര വില ഔൺസിന് ആദ്യമായി 2,000 ഡോളറും ഭേദിച്ച് മുന്നേറി. എന്നാൽ, നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ വില ഇടിഞ്ഞു. ഇതാണ്, ഇന്ത്യയിലും പ്രതിഫലിച്ചത്. കഴിഞ്ഞവാരം 2,081 ഡോളർ വരെ ഉയർന്ന രാജ്യാന്തര വില ഇന്നലെ 1,940ലേക്ക് വരെ താഴ്‌ന്നിരുന്നു.