മിഷിഗൺ: ജീവിതത്തിൽ എന്ത് ആഗ്രഹം നേടാനും പ്രായം ഒരു തടസമല്ലെന്ന് പല ജീവിതങ്ങൾ നമുക്ക് തെളിയിച്ചു തന്നിട്ടുണ്ട്. എന്നാൽ ജീവിതത്തിൽ ആഘോഷങ്ങൾക്ക് പ്രായമില്ലെന്ന് കാട്ടിത്തരികയാണ് മിഷിഗണിലെ ഡൊറോത്തി പൊള്ളാക്ക് എന്ന മുത്തശ്ശി. കൈയിൽ ടാറ്റു അണിയാനുള്ള ഡാെറോത്തി മുത്തശ്ശിയുടെ മോഹം പൂവണിഞ്ഞത് തന്റെ 103-ാം വയസിലാണ്. കൈത്തണ്ടയിൽ കുഞ്ഞ് തവളക്കുഞ്ഞിനെയാണ് മുത്തശ്ശി ടാറ്റുവിലൂടെ വരച്ചു ചേർത്തത്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു അതെന്ന് ഡൊറോത്തി മുത്തശ്ശി പറയുന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് തന്റെ പിറന്നാൾ മിഷിഗണിലെ ആശുപത്രിയിൽ കാെണ്ടാടേണ്ടി വന്ന വിഷമമാണ് ഡൊറോത്തി മുത്തശ്ശി ഇങ്ങനെ തീർത്തത്. ഇതു കൊണ്ടും ആഘോഷം കഴിഞ്ഞില്ല. കൊറോണ കാരണം ക്വാറന്റെയിനിലായിരുന്ന മുത്തശ്ശി ക്വാറന്റെയിൻ തീർന്ന ദിവസം പേരക്കുട്ടിയുമൊത്ത് ഒരു അടിപാെളി ബൈക്ക് റൈഡ് നടത്തി. അതും പുതിയ മോഡൽ ബൈക്കിൽ. കൊച്ചുമകളായ തെരോസ സാവിറ്റ് ജോണ്‍സാണ് തന്റെ മുത്തശ്ശിയുടെ വ്യത്യസ്ത ആഘോഷങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. സംഭവം എന്തായാലും മുത്തശ്ശി വൈറലായി.
'മുത്തശ്ശിയെ ഞങ്ങള്‍ക്ക് കാണാന്‍ അനുവാദമുണ്ടായിരുന്നില്ല, അതുകൊണ്ട് അവരുടെ അവസ്ഥ എന്താണെന്നറിയാതെ ടെന്‍ഷനിലായിരുന്നു ഞങ്ങള്‍. കേള്‍വിശക്തിക്കും കുഴപ്പമുള്ളതിനാല്‍ ഫോണ്‍ വിളിക്കാനും സാധിച്ചിരുന്നില്ലെന്നാണ് കൊച്ചുമകളായ തെരോസ സാവിറ്റ് ജോണ്‍സ് പറയുന്നത്.
'വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കൊച്ചുമകന്‍ എന്നോട് ടാറ്റൂ ചെയ്ത് നോക്കാന്‍ പറഞ്ഞിരുന്നു. അന്ന് താല്‍പര്യം തോന്നിയില്ല. എങ്കില്‍ ഇപ്പോഴാവട്ടെ എന്ന് കരുതി. എനിക്ക് തവളകളെ വലിയ ഇഷ്ടമാണ്, അതു തന്നെ ടാറ്റൂ ഡിസൈനാക്കാന്‍ തീരുമാനിച്ചു. ' ഡോറോത്തി മുത്തശ്ശി തന്റെ ടാറ്റൂവിനെ പറ്റി പറഞ്ഞു. 'ഇത്രയും പ്രായമേറിയ കസ്റ്റമര്‍ വരുന്നത് ആദ്യമായിട്ടാണ്. അവര്‍ക്ക് വേദനിക്കുമോ എന്നായിരുന്നു എന്റെ പേടി. എന്നാല്‍ മുത്തശ്ശി വലിയ ആവേശത്തിലായിരുന്നു...' ടാറ്റൂ ആര്‍ട്ടിസ്റ്റായ റേ റീസണര്‍ പറയുന്നു.