തൃശൂർ: കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പുത്തൂർ വില്ലേജ് ഓഫീസർ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്.
വില്ലേജാഫിൽ നിന്ന് പൊതുജനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതിലെ കാലതാമസത്തെപ്പറ്റി ൾ ചോദിക്കാൻ ചെന്നപ്പോഴാണ് വില്ലേജാഫീസർ സീമ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതെന്ന് മുഖ്യമന്ത്രിക്കും മറ്റും നൽകിയ പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. എന്നാലിത്, സ്വന്തം കുറ്റം മറയ്ക്കാനുള്ള ഗൂഢാലോചനയാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം..
വില്ലേജാഫീസർ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ,പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും ഉൾപ്പെടെ എട്ട് പേർക്കെതിരെ ഒല്ലൂർ പൊലീസ് കേസെടുത്തിരുന്നു. ആശുപത്രിയിൽ കഴിയുന്ന വില്ലേജാഫീസറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വില്ലേജാഫീസർ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നുവെന്നാരോപിച്ച് പുത്തൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കുത്തിയിരിപ്പ് നടത്തിയിരുന്നു.അതിനിടെയാണ് വില്ലേജാഫീസർ സി.എൻ. സീമ സ്വന്തം കൈ ഞരമ്പ് മുറിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്, യുവമോർച്ച നേതൃത്വത്തിൽ സമരം നടത്തി.