uae-visit

ദുബായ്: കൊവിഡ് തിരിച്ചടിയില്‍ ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളില്‍ തുടരുകയാണ്. പലവിധത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങളും വിവിധ രാജ്യങ്ങള്‍ നടപ്പാക്കിയിരുന്നു. കൊവിഡിനെ പ്രതിരോധിക്കാന്‍ 'അടച്ചിടല്‍' നടപടികളിലേക്കാണ് മിക്ക രാജ്യങ്ങള്‍ നീങ്ങിയത്.

ചെറിയ ഇളവുകള്‍ വിവിധ രാജ്യങ്ങള്‍ നല്‍കിയതോടെ പ്രവാസികളില്‍ പലരും സ്വന്തം രാജ്യത്തേക്ക് മടങ്ങി. ഗള്‍ഫ് - യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഗള്‍ഫ് നാടുകളില്‍ നിന്ന് മടങ്ങിയെത്തുന്ന മലയാളികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. ഇതിനിടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനുകൂലമാകുന്ന തീരുമാനം സ്വീകരിച്ചിരിക്കുകയാണ് യു.എ.ഇ.

യു.എ.ഇ വിസയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും യു.എ.ഇയിലേക്ക് പോകാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇയുടെ ഏതുതരത്തിലുള്ള വിസയുള്ളവരെയും കയറ്റാന്‍ ഇന്ത്യയിലെയും യു.എ.ഇയിലെയും വിമാനക്കമ്പനികള്‍ക്ക് അനുമതിനല്‍കിക്കൊണ്ട് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉത്തരവിട്ടു. ഇന്ത്യയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞയാഴ്ച യു.എ.ഇ പുതിയ വിസകള്‍ അനുവദിച്ച് തുടങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ഇന്ത്യയിലെ സിവിന്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം ഉണ്ടായത്.