ബംഗളൂരു: ഭാര്യ സ്വപ്നം കണ്ടതുപോലെ സകല സൗകര്യങ്ങളുമുള്ള ആഡംബര വീട് നിർമ്മിച്ചു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗൃഹപ്രവേശനത്തിന് വിളിച്ചു. അതിഥികളെ സ്വീകരിക്കാൻ ശ്രീനിവാസ ഗുപ്തയ്ക്കൊപ്പം ഭാര്യ മാധവിയും പൂമുഖപ്പടിയിൽ ഇരുന്നു. മജന്ത പട്ടുസാരി ഉടുത്ത്, തലമുടിയിൽ പൂ ചൂടി, ചുവന്ന വട്ടപ്പൊട്ട് ചാർത്തി, സ്വർണ്ണാഭരണങ്ങളണിഞ്ഞ് പുഞ്ചിരിതൂകി 'ഐശ്വര്യ ദേവതയെ'പ്പോലിരിക്കുന്ന 'മാധവിയെക്കണ്ട്' ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടി. മൂന്നുവർഷം മുമ്പ് മരിച്ച മാധവി എങ്ങനെ ജീവനോടെത്തി എന്നായിരുന്നു സംശയം.
ഭാര്യയോടുള്ള സ്നേഹംകൊണ്ട് ശ്രീനിവാസ ഒരുക്കിയ മെഴുകുപ്രതിമയാണ് അതെന്നറിഞ്ഞപ്പോഴാണ് പലർക്കും ശ്വാസം വീണത്.
കർണാടകയിലെ വ്യവസായിയായ ശ്രീനിവാസയ്ക്ക് ഭാര്യ ജീവനായിരുന്നു. മൂന്ന് വർഷം മുമ്പ് തിരുപ്പതി യാത്രക്കിടെയാണ് വേഗതയേറിയ ട്രക്കിനെ മറികടക്കുന്നതിനിടയിൽ കാർ മറിഞ്ഞ് മാധവി മരിക്കുന്നത്. ഒപ്പം ഉണ്ടായിരുന്ന മക്കൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സ്വന്തമായി ഒരു വലിയ വീട് വേണമെന്ന് മാധവിയുടെ ആഗ്രഹമായിരുന്നു. 57 കാരനായ ശ്രീനിവാസ അത് നിറവേറ്റാൻ തീരുമാനിച്ചു. 25 ഓളം ആർക്കിടെക്ടുമാരെ ശ്രീനിവാസ കണ്ടു. എന്നാൽ വീടിനൊപ്പം ഭാര്യയുടെ ജീവൻ തുടിക്കുന്ന പ്രതിമ എന്ന ആശയം നടപ്പാക്കാൻ ആരെയും കിട്ടിയില്ല.
എന്നാൽ മേഷ് രങ്കണദാവരു എന്ന ആർക്കിടെക്ട് വെല്ലുവിളി ഏറ്റെടുത്തു. അദ്ദേഹമാണ് ലിവിംഗ് റൂമിൽ മാധവിയുടെ പ്രതിമ സ്ഥാപിക്കാമെന്ന് നിർദ്ദേശിച്ചത്.
പ്രമുഖ പാവ നിർമാതാക്കളായ ഗോമ്പി മാനിയാണ് മാധവിയുടെ പ്രതിമ സിലിക്കോൺ മിശ്രിതം ഉപയോഗിച്ച് നിർമിച്ചത്. മാധവിയുടെ അതേ വലിപ്പത്തിലാണ് പ്രതിമ. സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രതിമയുടെ ചിത്രങ്ങൾ വൈറലായി.
മാധവി പ്രതിമയെ ഒരുക്കിയതും ശ്രീനിവാസയും മക്കളും ചേർന്നാണ്. പ്രതിമയ്ക്ക് ഭാര്യയുടെ പ്രിയപ്പെട്ട മജന്ത നിറത്തിലെ പട്ടുസാരിയുടുപ്പിച്ച് ആഭരണമണിയിച്ച് തലയിൽ പൂവു ചൂടിക്കൊടുത്തു. പ്രതിമയ്ക്കൊപ്പമിരുന്ന് എല്ലാവരും ഫോട്ടോ എടുത്തു. അടുത്ത് ഭാര്യ ഇരിക്കുന്നത് പോലെ തോന്നിയെന്നും ഭാര്യയുടെ സാമീപ്യം അനുഭവപ്പെട്ടെന്നും ശ്രീനിവാസ ഗുപ്ത പറയുന്നു.