ന്യൂഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയ്ക്കു നേരെ നടന്ന ചാവേറാക്രമണം നടത്തിയ ചാവേറുകളിലൊരാൾ കേരളത്തിൽ നിന്നും ഐസിസിൽ ചേർന്ന ഇജാസ് ആണെന്ന റിപ്പോർട്ട് തെറ്റാണെന്ന് വിവരം. മാർച്ച് 25ന് നടന്ന ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത് കാസർഗോഡ് പടന്ന സ്വദേശിയായ കല്ലുകെട്ടി ഇജാസ് ആണെന്ന് ചില ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ട് മലയാളത്തിലെ മിക്ക മാദ്ധ്യമങ്ങളും പ്രസിദ്ധീകരിക്കുകയുമുണ്ടായി.
ചാവേറായ ആളുടെ ഡി.എൻ.എ ടെസ്റ്റ് അഫ്ഗാൻ അധികൃതർ നടത്തിയിരുന്നു. ഇതിൽ നിന്നാണ് 21കാരനായ മുഹമ്മദ് മുഹ്സിൻ എന്ന അബു ഖാലിദാണ് ചാവേറായി പോയതെന്ന് തെളിഞ്ഞത്. ഇയാൾ അഫ്ഗാൻ സ്വദേശിയാണ്. ചാവേറാക്രമണം നടത്തിയയാൾ ഇന്ത്യാക്കാരനല്ലെന്ന വിവരം ഇന്ത്യൻ ഭീകരവിരുദ്ധ അന്വേഷണ ഏജൻസിയായ എൻ.ഐ.എയ്ക്ക് അഫ്ഗാനിസ്ഥാൻ കൈമാറിയിട്ടുണ്ട്.
മാർച്ച് 25നാണ് ഗുരുദ്വാരയിൽ ആരാധന നടക്കുന്ന സമയത്ത് ചാവേറാക്രമണം നടന്നത്. മൂന്ന് തോക്കുധാരികൾ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സൈനികരുമായുള്ള ഏറ്റമുട്ടലിൽ ഈ മൂന്നുപേരും മരിച്ചിരുന്നു. ഇതിലൊരാൾ ഇന്ത്യാക്കാരനാണെന്നാണ് സംശയിച്ചിരുന്നത്. അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഖോറസാൻ പ്രോവിൻസ് എന്ന സംഘടന ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയുമുണ്ടായി. ഇത് ഐസിസിന്റെ ഒരു ഘടകമാണ്.