arogya-sethu

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ കോണ്‍ടാക്റ്റ് ട്രെയ്സിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതു ആപ്പിന്റെ ഡൗണ്‍ലോഡ് 15 കോടിയും മറികടന്ന് മുന്നോട്ട്. ഏപ്രില്‍ 2-ന് അവതരിപ്പിച്ച ആരോഗ്യ സേതു ആപ്ലിക്കേഷന്‍ നാല് മാസം കൊണ്ടാണ് 15 കോടി രജിസ്റ്റേര്‍ഡ് യൂസര്‍മാരെ സ്വന്തമാക്കിയിരുന്നത്.

ലോഞ്ച് ചെയ്ത് 41 ദിവസത്തിനുള്ളില്‍ 10 കോടി യൂസര്‍മാരെ സ്വന്തമാക്കിയും ആരോഗ്യ സേതു ആപ്പ് മുന്‍പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ആരോഗ്യ സേതു ആപ്ലിക്കേഷന്‍ കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ലോഞ്ച് ചെയ്തത്. കൊവിഡ് വൈറസ് ട്രേസിങ് ആപ്ലിക്കേഷന്റെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച് നിരവധി വിദഗ്ദ്ധര്‍ തുടക്കത്തില്‍ പ്രകടിപ്പിച്ച ആശങ്കകള്‍ക്കിടയിലാണ് ഈ നേട്ടം ആപ്പ് സ്വന്തമാക്കിയിരിക്കുന്നത്.

രോഗബാധിതരെ പിന്തുടരാന്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്കൊപ്പം ജിപിഎസ് അടിസ്ഥാനമായ ലൊക്കേഷന്‍ ട്രേസിംഗ് ആണ് ആരോഗ്യ സേതു പ്രയോജനപ്പെടുത്തുന്നത്. 11 ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ലോഞ്ച് ചെയ്ത് വെറും മൂന്ന് ദിവസം കൊണ്ട് അമ്പത് ലക്ഷം പേര്‍ ആണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും മെയ് മാസത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. നൂറ് ശതമാനം ജീവനക്കാരും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നത് കമ്പനികള്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. കൊവിഡ് വൈറസ് ഹോട്ട്‌സ്‌പോട്ടുകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ക്കും ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത വ്യക്തിയുടെ സഞ്ചാര പാത പിന്തുടര്‍ന്ന് രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോ എന്നത് അറിയാനാവും എന്നുള്ളതാണ് ആരോഗ്യ സേതു ആപ്പിന്റെ സവിശേഷത.