cro

ചെന്നൈ: ആവശ്യത്തിന് ഫണ്ട് ലഭ്യമാകാത്തതിനെ തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ക്രോകൊഡെയിൽ പാർക്കായ (മുതല പാർക്ക്) മദ്രാസ് ക്രോകൊഡെയിൽ ബാങ്ക് അടച്ചുപൂട്ടലിന്റെ വക്കിൽ. കൊറോണ വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി പാർക്ക് പൂട്ടിയിട്ടിരിക്കുന്നതാണ് നടത്തിപ്പിനെ സാരമായി ബാധിച്ചിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, മുതലകൾക്കുള്ള ഭക്ഷണം തുടങ്ങി പല കാര്യങ്ങളും മുടങ്ങുന്ന അവസ്ഥയിലാണ്. അഞ്ച് മില്യൺ ടിക്കറ്റുകളാണ് പ്രതിവർഷം മുതല പാർക്കിലൂടെ വിറ്റഴിച്ചിരുന്നത്. എന്നാൽ മാർച്ച് പതിനാറിന് ലോക്ക്ഡൗൺ തുടങ്ങിയതോടെ അവധിക്കാല കളക്ഷനുൾപ്പെടെ എല്ലാം അവതാളത്തിലായി. പതിനാല് മില്യൺ രൂപയാണ് അവധിക്കാലത്തു മാത്രം ഉണ്ടാകേണ്ട കളക്ഷൻ. അതാണ് നഷ്ടമായത്. നാൽപ്പത് ഏ്വറിൽ നീണ്ടു കിടക്കുന്ന പാർക്കിൽ രണ്ടായിരത്തോളം മുതലകൾക്കൊപ്പം ആമയും പല്ലികളും പാമ്പുകളും ഒക്കെ ഈ പാർക്കിലുണ്ട്. നിലവിലെ 23 തരം മുതലകളിൽ 14 ഉം അപൂർവതയിൽപ്പെട്ടതാണെന്നും അധികൃതർ പറയുന്നു.

പാർക്കിലെ മുതിർന്ന സ്റ്റാഫുകൾ തങ്ങളുടെ ശമ്പളത്തിൽ നിന്ന് പത്തു മുതൽ അൻപതു ശതമാനം വരെ കുറവു വരുത്തിയാണ് ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യുന്നത്. എന്നാൽ, നിലവിലെ സ്ഥിതി തുടർന്നാൽ, പാർക്ക് എന്ന് തുറക്കുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയിൽ തങ്ങൾ എന്തു ചെയ്യണമെന്നും ഇവർ ചോദിക്കുന്നു. പാർക്ക് പൂട്ടേണ്ടി വന്നാൽ മുതലകളുടെ തുടർ ജീവിതവും ഒരു ചോദ്യചിഹ്നമായി ഇവർക്കു മുന്നിലുണ്ട്.