ന്യൂഡൽഹി:ഹിന്ദു കുടുംബങ്ങളിലെ പിതൃസ്വത്തിൽ ആൺമക്കൾക്കൊപ്പം പെൺമക്കൾക്കും തുല്യാവകാശം ഉറപ്പാക്കുന്ന ഹിന്ദു പിന്തുടർച്ചാവകാശ നിയമഭേദഗതിക്ക് മുൻകാലപ്രാബല്യം ഉണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. ഭേദഗതി (സെക്ഷൻ 6) നിലവിൽ വന്ന 2005 സെപ്തംബർ 9 മുതലാണ് പ്രാബല്യം.ആ തീയതിക്ക് മുൻപും അതിന് ശേഷവും ജനിച്ച പെൺമക്കൾക്ക് സ്വത്തിൽ തുല്യാവകാശം ഉണ്ടായിരിക്കും.തുല്യാവകാശം ജന്മദത്തമായതിനാൽ അത് സ്ഥാപിച്ചുകിട്ടാൻ പെൺകുട്ടിയുടെ പിതാവ് ആ തീയതിയിൽ ജീവിച്ചിരിക്കണമെന്നില്ല.പിതാവ് മരിച്ചാലും അവകാശത്തിന് അർഹതയുണ്ടാവുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനും ജസ്റ്റിസുമാരായ എസ്. നസീർ, എം.ആർ. ഷാ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
പിന്തുടർച്ചാവകാശ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം പെൺമക്കൾക്ക് തുല്യതയ്ക്കുള്ള അവകാശം നിഷേധിക്കാനാവില്ല. എന്നാൽ 2005 സെപ്റ്റംബർ 9ന് മുമ്പ് ജനിച്ച പെൺമക്കൾക്ക്, നിയമ ദേദഗതിക്കായുള്ള ചട്ടങ്ങൾ രൂപീകരിക്കപ്പെട്ട 2004 ഡിസംബർ 20ന് മുമ്പ് വിൽപത്രം എഴുതിവയ്ക്കപ്പെടുകയോ, ഭാഗം ചെയ്ത് പോവുകയോ, മറ്റ് ക്രയവിക്രയങ്ങളിലൂടെ കൈമാറുകയോ ചെയ്ത സ്വത്തിൽ അവകാശം ഉന്നയിക്കാനാകില്ലെന്ന് 121 പേജുള്ള വിധിയിൽ പറയുന്നു. ജന്മമാണ് അവകാശത്തിന്റെ മാനദണ്ഡമെന്നും മകൾ ജീവിതകാലം മുഴുവൻ സ്നേഹനിധിയായ മകളായി തുടരുമെന്നുമുള്ള 1996ലെ സുപ്രീംകോടതി വിധിയും പരാമർശിച്ചു.
ആശയക്കുഴപ്പം അവസാനിച്ചു
ന്യൂഡൽഹി:സുപ്രീംകോടതിയിൽ ഫയൽചെയ്ത ഒരു കേസിൽ, പെൺമക്കൾക്ക് പിതൃ സ്വത്തിൽ തുല്യ അവകാശം ലഭിക്കണമെങ്കിൽ ഭേദഗതി നിലവിൽ വന്ന 2005 സെപ്റ്റംബർ 9ന് പിതാവ് ജീവിച്ചിരിക്കണമെന്ന് 2015ൽ ജസ്റ്റിസുമാരായ അനിൽ ആർ. ദാവെയും എ.കെ. ദോയലും അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ മകനുള്ള അതേ അവകാശം മകൾക്കും പിതൃസ്വത്തിൽ ഉണ്ടെന്ന് 2018 ൽ ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെ മറ്റൊരു പരാമർശമുണ്ടായി. അതേവർഷം ജസ്റ്റിസുമാരായ ആർ.കെ. അഗർവാളും എ.എം.സാപ്രേയും അടങ്ങിയ ബെഞ്ച് 2015ലെ വിധിയോട് യോജിപ്പ് രേഖപ്പെടുത്തി. പിതാവ് ജീവിച്ചിരിപ്പില്ലെങ്കിൽ സ്വത്തിന് അവകാശമില്ലെന്ന ഡൽഹി ഹൈക്കോടതി വിധിയും ആശയക്കുഴപ്പമുണ്ടാക്കി.
വിപ്ളവകരമായ വിധി : അഡ്വ. കാളീശ്വരം രാജ്
ഹിന്ദു സമുദായത്തിലെ സ്ത്രീ പുരുഷ സമത്വവുമായി ബന്ധപ്പെട്ട് വിപ്ളവകരമായ മാറ്റങ്ങളുണ്ടാക്കുന്ന വിധിയാണിത്. കേരളത്തിൽ ഹിന്ദു സമുദായത്തിൽ സ്ത്രീ പുരുഷ വ്യത്യാസം നന്നേ കുറവാണ്. മറ്റു ചില സംസ്ഥാനങ്ങളിൽ വിധിക്ക് കൂടുതൽ പ്രസക്തിയുണ്ട്. സ്ത്രീ പുരുഷ സമത്വത്തിന്റെ കാര്യത്തിൽ കേരളംപോലെ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുള്ള വേറെയും സംസ്ഥാനങ്ങളുണ്ട്. സുപ്രീംകോടതി വിധിയിൽ ഒരിടത്ത് ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. കേരളത്തിൽ താരതമ്യേന കുറവാണെങ്കിലും ചില കേസുകളിൽ ഇൗ വിധി പ്രസക്തമായി മാറിയേക്കാം. ഒാരോ കേസിന്റെയും സാഹചര്യങ്ങൾ പരിഗണിക്കേണ്ടി വരും.
--അഡ്വ. കാളീശ്വരം രാജ്