pic

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി കടുപ്പിച്ച് സംസ്ഥാന സർക്കാർ. മാസ്ക് ധരിക്കാതെ രണ്ടാമത് പിടിയിലാകുന്നവരില്‍ നിന്ന് പിഴയായി 2000 രൂപ വീതം ഈടാക്കും. ഇതിനായി മാസ്ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പോലും നിരവധി ആളുകൾ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സർക്കാർ നടപടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ജില്ലയിലെ കരമനയില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ സ്വയം നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജനം മുന്‍കൈയെടുത്തതായി മാദ്ധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാതൃക ജനമൈത്രി പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തും. ജനമൈത്രി പൊലീസിന്‍റെ സഹായത്തോടെ സംസ്ഥാനത്തെമ്പാടും ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തിപ്പെടുത്തും. സ്വയരക്ഷയ്ക്ക് മാത്രമല്ല, മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കൂടിയാണ് മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതെന്ന സന്ദേശം പ്രചരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സാമൂഹികസാമ്പത്തിക സാംസ്കാരിക ഘടകങ്ങള്‍ പരിഗണിച്ച് പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.