bjp

ശ്രീനഗര്‍: ജമ്മു കാശ്മീരിൽ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് അഞ്ച് ബി.ജെ.പിനേതാക്കൾ. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു വരുന്നതിനിടെയാണ് ബി.ജെ.പിക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നത്. ആറ് ബി.ജെ.പി നേതാക്കൾക്കെതിരെ ഇതുവരെ ഉണ്ടായ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെടുകയായിരുന്നു.

കൊല ചെയ്യപ്പെട്ടവരിൽ ഒരു ജില്ലാ പ്രസിഡന്റും ഉള്‍പ്പെടുന്നു. കേന്ദ്ര ഭരണ പ്രദേശത്തെ സുരക്ഷാ വീഴ്ചകൾ സംബന്ധിച്ച് പാർട്ടിയുടെ പ്രാദേശിക തലങ്ങളില്‍ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. പ്രദേശത്തെ നേതാക്കൾ തങ്ങൾക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് ഭരണകൂടത്തെ സമീപിച്ചിട്ടുമുണ്ട്.

ബുദ്ഗാം സ്വദേശിയായ അബ്ദുല്‍ ഹമീദ് നജര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ബി.ജെ.പി നേതാക്കളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിരുന്നു. ജില്ലാ ആസ്ഥാനങ്ങളില്‍ അറുപതോളം പേരെ ഉള്‍ക്കൊള്ളുന്ന സുരക്ഷിത താമസ കേന്ദ്രങ്ങള്‍ തയ്യാറാക്കി നൽകണമെന്ന് ബി.ജെ.പി വാക്താവായ അല്‍താഫ് ഠാക്കൂര്‍ ആവശ്യപ്പെട്ടു.

ഭീഷണി നേരിടുന്നവര്‍ക്ക് സുരക്ഷ നല്‍കണമെന്ന് ഞങ്ങള്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നുവെന്ന് ബി.ജെ.പി നേതാവായ സോഫി യൂസഫും വ്യക്തമാക്കി. പ്രാദേശിക പഞ്ചായത്ത് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെയാണ് അക്രമികൾ ലക്ഷ്യമിട്ടിരിക്കുന്നത് എന്നാണ് വിവരം.