pic

മുംബയ്: ഓടുന്ന കാറിൽ 15 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ജൂലായ് 29 ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. റോഡിലൂടെ തനിച്ച് നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ മൂന്നംഗസംഘം കാറിലെത്തി തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് ഓടുന്ന കാറിൽവച്ചു തന്നെ ഇവർ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതായും പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഇവർ പെൺകുട്ടിയെ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം ഇറക്കിവിട്ടതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തിൽ ദീപക് സിംഗ്(25) നൂറുൽ ഹസൻ നൽവാർ(25) ബാബു ഹക്കീം അൻസാരി(22) എന്നിവരാണ് പൊലീസിന്റെ പടിയിലായത്. മൻ‌കുർഡ് പൊലീസ് ഇവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ , പീഡനം തുടങ്ങി പോക്സോ നിയമ പ്രകാരവും കേസെടുത്തു. പ്രതികൾ ഉപയോഗിച്ച കാർ ടാക്സി പെർമിറ്റാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായി ഡി.സി.പി ശശികുമാർ മീന അറിയിച്ചു.