ford-

ന്യൂഡൽഹി: അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഇന്ത്യയിലെ ഫുള്‍ സൈസ് എസ്.യു.വി എന്‍ഡവര്‍ ഈ വര്‍ഷം ഫെബ്രുവരിയിലാണ് പരിഷ്‌കരിച്ച് വില്പനക്കെത്തിയത്. ഏപ്രിലില്‍ നിലവില്‍ വന്ന ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എന്‍ജിനും ഗിയര്‍ബോക്സും ആണ് 2020 എന്‍ഡവറിന്റെ ഹൈലൈറ്റ്. ഒപ്പം കുറച്ചു ഫീച്ചറുകളും ചേര്‍ത്ത് ഫോര്‍ഡ് ചേര്‍ത്തിട്ടുണ്ട്.


ലോഞ്ച് ചെയ്ത് ആറ് മാസത്തിന് ശേഷം എന്‍ഡവറിന്റെ വില ഫോര്‍ഡ് വര്‍ദ്ധിപ്പിച്ചു. ഏകദേശം 70,000 വരെ പിന്നീട് വര്‍ദ്ധിക്കും എന്നായിരുന്നു ലോഞ്ച് സമയത്ത് ഫോര്‍ഡ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ 1.2 ലക്ഷം രൂപ വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.


ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 2.0-ലിറ്റര്‍ ഇക്കോബ്ലൂ ടര്‍ബോ-ഡീസല്‍ എന്‍ജിനാണ് പുത്തന്‍ എന്‍ഡവറില്‍. 168 ബിഎച്ച്പി പവറും 420 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എന്‍ജിന്‍ 10 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇത്തരം ഗിയര്‍ബോക്സുള്ള ഇന്ത്യയിലെ ആദ്യ വാഹനമാണ് 2020 ഫോര്‍ഡ് എന്‍ഡവര്‍.

4X2 വേരിയന്റുകള്‍ 13.90 kmpl മൈലേജ് നല്‍കുമ്പോള്‍ 4X4 വേരിയന്റുകളുടെ ശരാശരി ഇന്ധനക്ഷമത 12.4 kmpl ആണെന്നാണ് ഫോര്‍ഡ് ഇന്ത്യ അവകാശപ്പെടുന്നത്. ക്ലസ്റ്ററിനകത്തെ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയ ഹെഡ്‌ലാംപ് യൂണിറ്റ് മാത്രമാണ് 2020 ഫോര്‍ഡ് എന്‍ഡവറിന്റെ എക്സ്റ്റീരിയറിലെ ഏക മാറ്റം. പൂര്‍ണമായും എല്‍.ഇ.ഡി ആയ ഹെഡ്‌ലാംപുകള്‍ 20 ശതമാനം കൂടുതല്‍ പ്രകാശം നല്‍കുന്നു എന്ന് ഫോര്‍ഡ് അവകാശപ്പെടുന്നു. ഡിഫ്യൂസ്ഡ് സില്‍വര്‍, സണ്‍സെറ്റ് റെഡ്, ഡയമണ്ട് വൈറ്റ് എന്നിങ്ങനെ 3 എക്സ്റ്റീരിയര്‍ നിറങ്ങളിലാണ് പുത്തന്‍ ഫോര്‍ഡ് എന്‍ഡവര്‍ വില്പനക്കെത്തിയിരിക്കുന്നത്.

പുതിയ വില

ടൈറ്റാനിയം 4X2 Rs 29.99 ലക്ഷം

ടൈറ്റാനിയം പ്ലസ് 4X2 Rs 32.75 ലക്ഷം

ടൈറ്റാനിയം പ്ലസ് 4X4 Rs 34.45 ലക്ഷം