ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി അഞ്ച് ലക്ഷം കടന്നു. അമേരിക്കയിലും ബ്രസീലിലും 50,000ത്തിലധികം പ്രതിദിനരോഗികളാണുള്ളത്. ലോകത്ത് മരണസംഖ്യ744,367 ആയി ഉയർന്നു. 13,422,612 പേർ രോഗമുക്തി നേടി. യു.എസിൽ മരണസംഖ്യ 167,563 ആയി. 2,754,691 പേർ രോഗമുക്തി നേടി.
രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ രോഗികളുടെ എണ്ണം 30.13 ലക്ഷം കവിഞ്ഞു. ആകെ മരണം 103,099 ആണ്. മൊത്തം രോഗബാധിതരിൽ ആറാമതുള്ള മെക്സിക്കോയാണ് മരണസംഖ്യയിൽ മൂന്നാം സ്ഥാനത്ത്. 4.85 ലക്ഷം രോഗബാധിതരും 53,000ലേറെ മരണവുമാണ് രാജ്യത്ത്. പരിശോധന തീരെ കുറവാണെന്നും കണക്കിലുള്ളതിനെക്കാൾ ഏറെയധികം രോഗബാധിതർ മെക്സിക്കോയിലുണ്ടെന്നുമാണ് റിപ്പോർട്ട്.
ഇന്ത്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം 2,328,405 ആയി ഉയർന്നു. 46,188 മരണം. 24 മണിക്കൂറിനിടെ 61,252 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.1,638,101 പേർ രോഗമുക്തി നേടി.
അതേസമയം അമേരിക്കയെയും ചൈനയെയുമൊക്കെ കടത്തിവെട്ടി, സ്വന്തമായി വികസിപ്പിച്ച കൊവിഡ് വാക്സിൻ ജനങ്ങൾക്ക് ഉപയോഗിക്കാനായി രജിസ്റ്റർ ചെയ്ത ലോകത്തെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് റഷ്യ. പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ മകൾക്ക് രണ്ട് ഡോസ് വാക്‌സിൻ കുത്തിവയ്‌ക്കുകയും ചെയ്‌തു. സ്‌പുട്നിക് 'എന്നാണ് വാക്സിന്റെ പേര് '.