കാലിഫോർണിയ: അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി. ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയയില്‍ നിന്നുളള സെനറ്ററുമായ കമല ഹാരിസാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡന്‍ ട്വിറ്ററിലൂടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളും ധൈര്യശാലിയായ പോരാളിയുമാണ് കമല ഹാരിസ്. തനിക്കൊപ്പം മത്സരിക്കാന്‍ കമലയെ തിരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നുവെന്നുമാണ് ജോ ബൈഡന്റെ ട്വീറ്റ്. വൈസ് പ്രസിഡന്റായി മത്സരിക്കാന്‍ ഒരു സ്ത്രീയെ മാത്രമേ നാമനിര്‍ദേശം ചെയ്യുവെന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു.
കമല ഹാരിസിന്റെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു. പിതാവ് ജമൈക്കന്‍ വംശജനും മാതാവ് ഇന്ത്യക്കാരിയുമായിരുന്നു. ചെന്നൈ സ്വദേശിയായ ഡോക്ടറും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ശ്യാമള ഗോപാലനാണ് കമല ഹാരിസിന്റെ അമ്മ.