ഇടുക്കി: മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ ഉണ്ടായ ഉരുൽപൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. 19 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതിൽ ഒമ്പത് കുട്ടികളും ഉണ്ടെന്ന് ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണൻ പറഞ്ഞു. ഇന്നലെ നടത്തിയ തിരച്ചിലിൽ പെട്ടിമുടിപ്പുഴയിൽ നിന്നും മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു.
ഇതോടെ, കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ മരണം 52 ആയി. ചെല്ലദുരൈ (55), രേഖ (27), രാജയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. മൂന്ന് പേരെയും പോസ്റ്റ്മോർട്ടം ചെയ്തു സംസ്കരിച്ചു. ദുരന്തഭൂമിക്ക് സമീപത്തു കൂടി ഒഴുകുന്ന പുഴയിൽ നിന്നാണ് ഇന്നലെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. തിങ്കളാഴ്ചയും പുഴയിൽ നിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. പെട്ടിമുടിയിൽ ഇന്നലെ പകലും ചാറ്റൽമഴയും കനത്ത മഞ്ഞും അനുഭവപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ചെറു സംഘങ്ങളായി തിരിഞ്ഞായിരുന്നു പുഴയിൽ തിരച്ചിൽ.
ദുരന്തഭൂമിയിലും മണ്ണ് മാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് തിരച്ചിൽ തുടർന്നു. ദുരന്തമുഖത്തുനിന്ന് അഞ്ചു കിലോമീറ്ററിലധികം ദൂരത്തിൽ പുഴയിൽ തിരച്ചിൽ നടത്തി. എൻ.ഡി.ആർ.എഫ്, പൊലീസ്, ഫയർഫോഴ്സ്, വനം വകുപ്പ്, റവന്യൂ, വിവിധ ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് തിരച്ചിൽ നടത്തുന്നത്.