മലപ്പുറം: ഡി.ജി.സി.എ മേധാവി അരുൺ കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ പൈലറ്റ്സ് യൂണിയൻ രംഗത്ത്. ഇതുസംബന്ധിച്ച് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിക്ക് യൂണിയനുകൾ ചേർന്ന് കത്ത് നൽകി.
കരിപ്പൂർ വിമാന ദുരന്തത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് അരുൺ കുമാർ നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വ്യോമയാന മന്ത്രിക്ക് യൂണിയനുകൾ ചേർന്ന് കത്ത് നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നുണ്ടായ അപകടത്തിൽ പൈലറ്റും സഹപൈലറ്റും അടക്കം 18 പേരാണ് മരിച്ചത്.
വിമാന ദുരന്തത്തെക്കുറിച്ചു മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ലാൻഡിംഗ് മോശമായിരുന്നു എന്നതുൾപ്പെടെ അപക്വമായ പ്രതികരണങ്ങൾ അരുൺ കുമാർ നടത്തി. അപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചു അന്വേഷണം നടക്കുമ്പോൾ അപകടത്തിന്റെ കാരണം ലാൻഡിംഗിലെ പിഴവാണെന്ന സ്വന്തം നിഗമനം പരസ്യമായി പ്രകടിപ്പിച്ചത് അംഗീകരിക്കാൻ കഴിയില്ല.
അപകടത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളിൽ നിന്നും അദ്ദേഹത്തിന് വ്യോമയാന മേഖലയെക്കുറിച്ചുള്ള അറിവ് പരിമിതമാണെന്ന് വ്യക്തമാണെന്നും കത്തിൽ ആരോപിക്കുന്നു. അതിനാൽ എത്രയും പെട്ടന്ന് അരുൺ കുമാറിനെ ഡി.ജി.സി.എയുടെ ചുമതലയിൽ നിന്നും നീക്കണമെന്ന് യൂണിയനുകൾ കത്തിൽ ആവശ്യപ്പെട്ടു.