ഐസ്‌വാൾ: ഒറ്റ ശസ്ത്രക്രിയയിലൂടെ എം എൽ എ മിന്നും താരമായി. മിസോറാമിൽ വെസ്റ്റ് ചാംഫായി മണ്ഡലത്തിലെ എം എൽ എയായ ഇസഡ് ആർ ധിയാമസംഗയാണ് പ്രസവശസ്ത്രക്രിയ നടത്തി ഗുരുതരാവസ്ഥയിലായ ഗർഭിണിയുടെ ജീവൻ രക്ഷിച്ചത്. സോഷ്യൽ മീഡിയയിലുൾപ്പെടെ ധിയാമസംഗയ്ക്ക് അഭിനന്ദന പ്രവാഹമാണിപ്പോൾ. രാഷ്ട്രീയത്തിലെത്തുന്നതിനുമുമ്പ് ഗൈനക്കോളജി വിദഗ്ധനായിരുന്ന ഇദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയക്കാരനായതോടെ ഡോക്ടർജോലിക്ക് തൽക്കാലം അവധി പറയുകയായിരുന്നു. മിസോ നാഷണൽ ഫ്രണ്ട് പ്രതിനിധിയാണ്.
മ്യാൻമറിന്റെ അതിർത്തിക്ക് സമീപത്തെ ചാംഫായി ജില്ലയിലെ ഉൾഗ്രാമത്തിൽ താമസിക്കുന്ന മുപ്പത്തെട്ടുകാരിക്കായിരുന്നു എം എൽ എ ശസ്ത്രക്രിയ നടത്തിയത്. പൂർണഗർഭിണിയായിരുന്നു യുവതി. പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടത്തെ ഏക ഡോക്ടർ അവധിയിലായിരുന്നു. മറ്റൊരു ആശുപത്രിയിലെത്തിക്കണമെങ്കിൽ 200 കിലോമീറ്റർ താണ്ടണം. യുവതിയുടെ ആരോഗ്യസ്ഥിതി തീരെ മോശമായി വരുന്നു. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ബന്ധുക്കൾ.
ഈ സമയത്താണ് വിവരം എം എൽ എ അറിയുന്നത്. പ്രദേശത്ത് കുറച്ചുദിവസം മുമ്പുണ്ടായ ഭൂചനലത്തെ തുടർന്നുളള പ്രശ്നങ്ങളും കൊറോണ വ്യാപനവും വിലയിരുത്താനാണ് എം എൽ എ എത്തിയത്. ഗർഭിണിയുടെ കാര്യം അറിഞ്ഞതോടെ അദ്ദേഹം ആശുപത്രിയിലേക്ക് കുതിച്ചെത്തി ശസ്ത്രക്രിയ നടത്തുകയായിരുന്നു. തുടർന്ന് നഴ്സുമാർക്ക് വേണ്ട നിർദ്ദേശങ്ങളും നൽകിയാണ് മടങ്ങിയത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.
ആദ്യമായല്ല ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് സഹായവുമായി ധിയാമസംഗ എത്തുന്നത്. മ്യാൻമർ അതിർത്തിയിൽ കടുത്ത വയറുവേദനകൊണ്ട് വലഞ്ഞ ജവാനെ രക്ഷിക്കാൻ പുഴ കടന്ന് നിരവധി കിലോമീറ്റർ നടന്നാണ് അദ്ദേഹമെത്തിയത്.