pulwama-attack

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ പുൽവാമ ജില്ലയിൽ നടന്ന വെടിവയ്‌പ്പിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു. വെടിവയ്‌പ്പിൽ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഏറ്റുമുട്ടൽ നടന്ന കാര്യം കാശ്‌മീർ പൊലീസാണ് ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. പുൽവാമയിലെ ഒരു തോട്ടത്തിൽ തീവ്രവാദികളുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം ഇന്ന് രാവിലെ തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്‌പ്പ് ഉണ്ടായത്. വെടിവയ്‌പ്പിൽ പരിക്കേറ്റ സൈനികൻ പിന്നീട് മരണപ്പെടുകയായിരുന്നു.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു എ.കെ 47 റൈഫിളും ഗ്രനേഡുകളും ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ടെന്ന് സൈനിക വക്താവ് ഔദ്യോഗികമായി അറിയിച്ചു. വടക്കൻ കാശ്‌മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം അതിർത്തി ജില്ലയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയടക്കം അഞ്ച് പേരെ സുരക്ഷാ സേന ഇന്നലെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്.