vaccine

തിരുവനന്തപുരം: 'ഞങ്ങൾക്കും തരണേ പുട്ടേട്ടാ കൊവിഡ് വാക്‌സിൻ', ഇത് കേവലം വെറുമൊരു വാചകമല്ല. മറിച്ച് കൊവിഡിനെതിരായ വാക്‌സിൻ റഷ്യ വികസിപ്പിച്ചതിന് പിന്നാലെ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിന് താഴെ മലയാളികൾ നന്ദി അർപ്പിച്ചതിനൊപ്പമുള്ള കമന്റാണിത്. ഇത്തരത്തിൽ ആയിരക്കണക്കിന് മലയാളികളുടെ കമന്റുകളാണ് പേജിൽ വരുന്നത്.

സന്തോഷം ഉണ്ട് പുട്ടേട്ടാ. ഒരുപാട് നന്ദി..പുട്ടേട്ടാ കോടി പുണ്യമാണ് ഇങ്ങള്..',​ എന്നിങ്ങനെ പോകുന്നു കമന്റുകൾ . ഞങ്ങൾക്കും തരണേ പുട്ടേട്ടാ വാക്സിൻ,​ കാശ് അണ്ണൻ തരും,​ ഇവിടെ പപ്പടം കൊണ്ട് കൊവിഡ് പോകുമെന്ന് പറഞ്ഞവരുണ്ട്. എങ്ങനെയെങ്കിലും ഞങ്ങളെയും ലോകത്തേയും രക്ഷിക്കണം. ഇല്ലെങ്കിൽ പപ്പടവും ഗോമൂത്രവും കുടിച്ചു ഞങ്ങൾചാകും,​ പുട്ടിനും റഷ്യയ്ക്കും അഭിനന്ദനങ്ങൾ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

''അണ്ണാ നിങ്ങൾ ഇപ്പോൾ അല്ലേ കണ്ടുപിടിച്ചത്. ഞമ്മള് കുറച്ച് നാളിന് മുമ്പ് കണ്ടുപിടിച്ചു. ആദ്യം വിളക്ക് കത്തിച്ചു, കൊറോണ തളർന്നില്ല,​ പിന്നെ പാത്രം കൊട്ടി'' എന്നിങ്ങനെ പോകുന്നു

മറ്രുചില കമന്റുകൾ..

ഇന്നലെയാണ് കൊവിഡിനെതിരായ വാക്‌സിൻ റഷ്യ രജിസ്റ്റർ ചെയ്തത്. സ്‌പുട്നിക് 'എന്നാണ് പേര് നൽകിയിരിക്കുന്നത്. ശീതയുദ്ധകാലത്ത് അമേരിക്കയെ ഞെട്ടിച്ച് ലോകത്താദ്യമായി റഷ്യ വിക്ഷേപിച്ച ഉപഗ്രഹമാണ് സ്‌പുട്നിക്. അതിന്റെ ഓർമ്മയ്ക്കാണ് ഈ പേര് നൽകിയത്. ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. പുടിന്റെ മകൾക്ക് രണ്ട് ഡോസ് വാക്‌സിൻ കുത്തിവയ്‌ക്കുകയും ചെയ്തു.

മകൾക്ക് വാക്സിൻ കുത്തിവച്ചതും അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. വാക്‌സിൻ 12ന് രജിസ്റ്റർ ചെയ്യുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.അടുത്തമാസം വൻതോതിൽ വാക്സിൻ ഉത്പാദനം ആരംഭിക്കും. ഒക്ടോബറിൽ രാജ്യത്ത് വാക്‌സിനേഷൻ. ഡോക്ടർമാർ, അദ്ധ്യാപകർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് ആദ്യം വാക്‌സിൻ നൽകുക. 20 രാജ്യങ്ങൾ നൂറ് കോടി ഡോസ് വാക്സിനുള്ള ഓർഡറാണ് റഷ്യയ്‌ക്ക് നൽകിയിരിക്കുന്നത്.