alia-bhat

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെ ആരംഭിച്ച ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ആലിയ ഭട്ടിന്റെ 'സടക് 2' എന്ന ചിത്രം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നത്. സിനിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.


ആലിയ ഭട്ടിന്റെ പിതാവായ മഹേഷ് ഭട്ട് തന്നെയാണ് സിനിമയുടെ സംവിധായകൻ. ആലിയയുടെ സഹോദരിയായ പൂജയാണ് ചിത്രത്തിലെ മറ്റൊരു നായിക. ഹോട്ട്സ്റ്റാറിലാണ് സടക് 2 റിലീസ് ചെയ്യുന്നത്. അതിനാൽത്തന്നെ ഹോട്ട്സ്റ്റാർ അൺ ഇൻസ്റ്റാൾ ചെയ്യാനാണ് സോഷ്യൽ മീഡിയയുടെ ആഹ്വാനം.

മുമ്പ് ഒരു അഭിമുഖത്തിൽ സുശാന്ത് സിംഗിനെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവന ആലിയയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. നടനെപ്പറ്റിയുള്ള അവതാരകയുടെ ചോദ്യത്തിന് ആരാണ് സുശാന്ത് എന്നായിരുന്നു ആലിയ ഭട്ടിന്റെ മറുചോദ്യം. കൂടാതെ സുശാന്തിന്റെ കാമുകിയായ റിയാ ചക്രവർത്തിയുമായി അടുത്തിടപഴകുന്ന മഹേഷ് ഭട്ടിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ ബോയിക്കോട്ട് ഭട്ട് ഫാമിലി,ജസ്റ്റിസ് ഫോർ സുശാന്ത് എന്നീ ഹാഷ്ടാഗുകളുമായി സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർ എത്തിയിട്ടുണ്ട്.