tiktok

ടിക് ടോക്കിന് വീണ്ടും പണികിട്ടിയിരിക്കുകയാണിപ്പോൾ. ഇത്തവണ ഉപയോക്താക്കളുടെ എം എ സി വിലാസങ്ങൾ (മീഡിയ ആക്സസ് കൺട്രോൾ അഡ്രസ്) ടിക് ടോക്ക് ശേഖരിക്കുന്നതായാണ് റിപ്പോ‌‌ട്ടുകൾ. ആൻഡ്രോയിഡ് നിയമലംഘനം നടത്തി ഉപയോക്താക്കളുടെ എം എ സി വിലാസങ്ങൾ കഴിഞ്ഞ 18 മാസമായി ടിക് ടോക്ക് ശേഖരിക്കുന്നതായാണ് വിവരം. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആൻഡ്രോയിഡ് നിയമങ്ങൾ ലംഘിച്ചാണ് ടിക്ടോക്കിന്റെ പ്രവ‌ർത്തനം. മീഡിയ ആക്സസ് കൺട്രോൾ അഡ്രസ് ഓരോ ഉപയോക്താവിന്റെയും ഫോണുകളിൽ യുനീക്ക് ഐഡന്റിഫയറുകളാണ്. ഇവ പരസ്യ ആവശ്യങ്ങൾക്കും ട്രാക്കിംഗിനായും ഉപയോഗിക്കുന്നതായാണ് വിവരം.

2015ൽ നയപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഐ ഒ എസ് ആപ്ലിക്കേഷൻ സ്റ്റോറും ഗൂഗിൾ പ്ലേസ്റ്റോറും എം എ സി വിലാസങ്ങൾ ശേഖരിക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ ഒരു പരിധി വരെ ടിക് ടോക്കിന് ഐഡന്റിഫയറെ കണ്ടെത്താൻ സാധിച്ചതായാണ് വിവരം. ടിക് ടോക്ക് മാത്രമല്ല ഇത്തരത്തിൽ ചെയ്യുന്നത്. 350ൽ അധികം ആപ്ലിക്കേഷനുകൾ സമാനമായ രീതിയിൽ പരസ്യ ടാർഗെറ്റിംഗിനായി നടത്തിയിട്ടുണ്ട്.

അതേസമയം യു എസിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ഇക്കഴിഞ്ഞ നവംബറിൽ ടിക് ടോക്ക് ഈ സമ്പ്രദായം അവസാനിപ്പിച്ചയായും റിപ്പോർട്ട് ചെയ്യുന്നു. ടിക് ടോക്കിന്റെ ചൈനീസ് മാതൃ കമ്പനിയായ ബെറ്റ്ഡാൻസുമായി അമേരിക്കൻ ഉപയോക്താക്കളുടെ ഡാറ്റകളെ കുറിച്ച് ചോദ്യങ്ങൾ അഭിമുഖീകരിക്കുന്ന സമയത്താണ് ഇത്തരം ഒരു റിപ്പോർട്ട് പുറത്തുവരുന്നത്. ഇനി അമേരിക്കയുടെ ഭാഗത്തു നിന്നും ചില നിർണായകമായ തീരുമാനങ്ങൾ ഉണ്ടായേക്കാം.

45 ദിവസത്തിനകം അമേരിക്കയിലെ ടിക് ടോകിന്റെ പ്രവര്‍ത്തനം മറ്റൊരു കമ്പനിക്ക് കൈമാറിയില്ലെങ്കില്‍ നിരോധനം നിലവില്‍ വരും. ഇത് സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചിരുന്നു. ടിക് ടോക് അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാരോപിച്ചാണ് നടപടി. ടിക് ടോക്കിന് നിർണായക തീരുമാനത്തിലെത്താൻ സാധിച്ചില്ലെങ്കിൽ സെപ്തംബർ 20 മുതൽ ബെറ്റ്ഡാൻസുമായുള്ള എല്ലാ ഇടപാടുകളും അമേരിക്ക അവസാനിപ്പിച്ചേക്കും.

ഇതുസംബന്ധിച്ച് ബെറ്റ്ഡാൻസ് മെെക്രോസോഫ്റ്റുമായി ചർച്ചകക്ഷൾ നടത്തുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചതിലും സമയമെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ട്രംപ് ഭരണകൂടത്തെ നിരാശപ്പെടുത്തിയേക്കാം. ഒരു സാധാരണ മൊബെെൽ അപ്ലിക്കേഷനേക്കാൾ കൂടുതൽ ഡാറ്റകൾ ശേഖരിക്കുന്നില്ലെന്ന ടിക് ടോക്കിന്റെ വാദത്തിന് വിരുദ്ധമാണെന്നാണ് റിപ്പോർട്ടുകൾ.

ഇത്തരത്തതിൽ ഉപയോക്താക്കളുടെ ഡാറ്റകൾ ശേഖരിക്കുമ്പോൾ , എം എ സി അഡ്രസുകളും ശേഖരിക്കുക വഴി പരസ്യ ട്രാക്കിംഗിനായാണ് ഉപയോഗിക്കുന്നത്. പക്ഷെ ഇത് കൂടുതൽ ഡാറ്റ ആക്രമണങ്ങൾക്ക് സാദ്ധ്യതയുള്ലതാണ്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും നിറുത്തിവച്ചിരിക്കുകയാണെന്നും ആപ്ലിക്കേഷന്റെ നിലവിലെ പതിപ്പ് എം എ സി വിലാസങ്ങൾ ശേഖരിക്കുന്നില്ലെന്നും ടിക് ടോക്ക് അവകാശപ്പെടുന്നു.