dgp

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി രോഗികളുടെ ടെലിഫോൺ രേഖകൾ (സി ഡി ആർ) ശേഖരിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് വിവാദമായതോടെ പ്രശ്നത്തിൽ വിശദീകരണവുമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ. കൊവിഡ് പോസിറ്റീവായവരുടെ സമ്പർക്കപ്പട്ടിക കണ്ടെത്താൻ പലപ്പോഴും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചോദിച്ചാൽ സംസാരിക്കുന്നതിനും വ്യക്തമായ വിവരങ്ങൾ നൽകുന്നതിനും പലരും തയ്യാറാവുന്നില്ല. ഈപ്രശ്നം പരിഹരിക്കാനാണ് ടെലിഫോൺ രേഖകൾ ശേഖരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞദിവസം കൊവിഡ് പ്രതിരോധ പ്രവർത്തനം വിലയിരുത്താൻ ചേർന്ന ഉന്നതതലയോഗത്തിന് ശേഷമാണ് ടെലിഫോൺ രേഖകൾ കർശനമായി ശേഖരിക്കണമെന്ന ഉത്തരവ് ഡി ജി പി ലോക്നാഥ് ബഹ്റ ഇറക്കിയത്. ബി എസ് എൻ എല്ലിൽ നിന്ന് രേഖകൾകൃത്യമായി കിട്ടുന്നുവെന്ന് ഉറപ്പാക്കാൻ ഇന്റലിജൻസ് എ ഡി ജി പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. വാർത്ത പുറത്തുവതോടെ നടപടി നിയമവിരുദ്ധമാണെന്ന ആക്ഷേപവുമായി നിരവധിപേർ രംഗത്തെത്തി.

ഒരാൾ ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ മാത്രമാണ് സാധാരണ സി ഡി ആർ എടുക്കാറുളളത്. രോഗിയായിതിന്റെ പേരിൽ ഒരാളുടെ ടെലിഫോൺ രേഖകൾ പൊലീസ് ശേഖരിക്കുന്നത് മൗലികാവകാശലംഘനമാണെന്നായിരുന്നു ആക്ഷേപം.