തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ കിട്ടിയത് സന്ദീപ് നായർ വഴിയെന്ന് യൂണിടാക്ക് ഉടമ സന്ദീപ് ഈപ്പൻ. സംസ്ഥാന സർക്കാരുമായോ ഉദ്യോഗസ്ഥരുമോയോ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും സ്വപ്‌നയായിരുന്നു ഇടനിലക്കാരിയെന്നും സന്തോഷ് ഈപ്പൻ വ്യക്തമാക്കി. 18 കോടിയുടെ കരാറാണ് ഒപ്പിട്ടത്. അതിൽ പതിനാലര കോടി തങ്ങൾക്കി കിട്ടി. കരാർ ഒപ്പിട്ടതിന് സ്വപ്‌ന കമ്മിഷൻ ആവശ്യപ്പെട്ടെന്ന് സന്തോഷ് ഈപ്പൻ പറയുന്നു. കരാറിനായി എല്ലാം സ്വപ്‌നയാണ് ചെയ്‌തത്. തനിക്ക് ഭാഷ അറിയാത്തതിനാൽ അറബിയുമായി സംസാരിച്ചത് സ്വപ്‌നയാണ്. കോൺസുലേറ്റിന്റെ അക്കൗണ്ടിൽ നിന്നാണ് പണം ലഭിച്ചത്. ഇതുസംബന്ധിച്ച മൊഴി താൻ എൻ.ഐ.എക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ വടക്കാഞ്ചേരിയിലെ സ്ഥലത്ത് നിർമിക്കുന്ന ലൈഫ് പദ്ധതി സമുച്ചയത്തിൽ 199 ഫ്ലാറ്റുകൾ നിർമിക്കാനായിരുന്നു സർക്കാരിന്റെ ആദ്യ പ്ലാൻ. ഹാബിറ്റാറ്റ് ആണ് പദ്ധതി തയാറാക്കിയത്. പിന്നീടാണ് മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനം നടന്നതും തുടർന്ന് യു.എ.ഇയിലെ റെഡ് ക്രസന്റ് അതോറിട്ടി സഹായവുമായി മുന്നോട്ടു വന്നതും. ഹാബിറ്റാറ്റ് തയാറാക്കിയ പ്ലാൻ ഇവർക്കു നൽകിയെങ്കിലും നിർമാണക്കമ്പനി അത് 140 ഫ്ലാറ്റുകളായി കുറച്ചു. 400 ചതുരശ്ര അടി ഫ്ലാറ്റാണ് ഹാബിറ്റാറ്റ് തയാറാക്കിയതെങ്കിൽ റെഡ് ക്രസന്റ് അതോറിട്ടിയുടെ പദ്ധതിയിൽ 500 ചതുരശ്ര അടിയാക്കി.
വിവാദം ഉയർന്ന ശേഷം പദ്ധതിയുമായി ബന്ധമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. റെഡ് ക്രസന്റ് അതോറിട്ടി പദ്ധതിയെ സഹായിക്കാൻ തയാറായത് മാത്രമാണ് സർക്കാരുമായുള്ള കരാറിലുള്ളതെന്നാണ് ലൈഫ് മിഷൻ സി.ഇ.ഒയുടെ വിശദീകരണം. നിർമാണക്കമ്പനിക്ക് കരാർ നൽകിയതിലാണ് സ്വപ്നയുടെ ഇടപെടലുണ്ടായതും തുടർന്ന് കമ്മിഷൻ ലഭിച്ചതും. ഇൗ പണമാണ് എം.ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കറിൽ നിന്ന് എൻഐഎ കണ്ടെടുത്തത്.
ഭൂമിയുള്ളവർക്ക് 4 ലക്ഷം രൂപയുടെ വീടാണ് ലൈഫ് മിഷൻ പദ്ധതിയിൽ നൽകുന്നത്. ഒരു ലക്ഷം രൂപയാണ് സർക്കാർ സഹായം. ബാക്കി 80,000 രൂപ പഞ്ചായത്ത് നൽകും. 2.2 ലക്ഷം രൂപ പഞ്ചായത്ത് വായ്പയെടുത്ത് നൽകും. ഭൂരഹിതർക്കാണ് ഫ്ലാറ്റ് സമുച്ചയങ്ങൾ. 11–12 ലക്ഷം വച്ചാണ് സർക്കാരിന് ചെലവ്.