വാഷിംഗ്ടൺ:കൊവിഡ് കാലമല്ലേ. മാസ്ക് ധരിക്കാത്തവരായി ആരും ഇല്ല. പണക്കാരനായാലും പാവപ്പെട്ടവനായാലും മാസ്കില്ലാതെ വീടിന്റെ പടികടന്ന് പുറത്തിറങ്ങാനൊക്കില്ല. ഓരോരുത്തർ അവരവരുടെ സൗകര്യത്തിനനുസരിച്ചുളള മാസ്കായിരിക്കും ധരിക്കുക. ഒരുപാട് കാശ് കൈയിലുളളതിനാൽ സ്വർണമാസ്ക് ധരിച്ചുനടക്കുന്ന ഇന്ത്യക്കാരനെക്കുറിച്ചുളള വാർത്തകൾ അടുത്തിടെയാണ് മാദ്ധ്യമങ്ങളിൽ നിറഞ്ഞത്. അങ്ങനെയെങ്കിൽ ലോക കോടീശ്വരന്മാരിൽ ഒരാളും മൈക്രോസോഫ്ടിന്റെ സഹ സ്ഥാപകനുമായ സാക്ഷാൽ ബിൽഗേറ്റ്സ് ധരിക്കുന്നത് ഏത് തരത്തിലുളള മാസ്കായിരിക്കും?
ആലോചിച്ച് തലപുണ്ണാക്കണ്ട. അദ്ദേഹം തന്നെ അതിന് മറുപടി പറയും. മനോഹരവും ഒപ്പം വൃത്തികെട്ടതുമായ ഒരു സാധാരണ മാസ്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഡിസൈനർ മാസ്ക് കിട്ടുകയാണെങ്കിൽ അത് ധരിക്കുന്നതിൽ വിഷമമില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. മാസ്കിന്റെ ഭംഗിയിലല്ല അതിന്റെ ഗുണത്തിലാണ് കാര്യമെന്നാണ് അദ്ദേഹം ഇതിലൂടെ ഓർമ്മിപ്പിക്കുന്നത്.
വൈറസിനെ ഫലപ്രഥമായി തടയുന്ന സർജിക്കൽ മാസ്കാണ് അദ്ദേഹം ധരിക്കുന്നത്. എല്ലാദിവസവും അത് മാറ്റുകയും ചെയ്യും. കൊവിഡ് ലോകത്ത് പടർന്നുപിടിച്ചുതുടങ്ങിയപ്പോൾത്തന്നെ വൈറസിനെതിരെയുളള ബോധവത്കരണവുമായി അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ കിറുക്കൻ തീരുമാനങ്ങൾക്കെതിരെയും അദ്ദേഹം തുറന്നടിച്ചിരുന്നു. അധികം വൈകാതെ തന്നെ കൊവിഡ് മഹാമാരിയിൽ നിന്ന് ലോകം മുക്തമാകുമെന്ന പ്രതീക്ഷയും അദ്ദേഹം വച്ചുപുലർത്തുന്നുണ്ട്.
കൊറോണവൈറസിനേക്കാൾ വലിയ ദുരന്തം വരാനിക്കുന്നു എന്ന് കഴിഞ്ഞദിവസം ബിൽഗേറ്റ്സ് പറഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനം മുഴുവൻ ആവാസവ്യവസ്ഥയെയും നശിപ്പിക്കുമെന്നാണ് ബ്ലൂംബർഗ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബിൽ ഗേറ്റ്സ് പറഞ്ഞത്.