തിരുവനന്തപുരം: ഹരിഹരവർമ്മ കൊലക്കേസിൽ നാല് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. അഞ്ചാം പ്രതി ജോസഫിനെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ആറ് വർഷം മുമ്പ് ഇവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിൽ ആറ് പ്രതികളാണുണ്ടായിരുന്നത്. എന്നാൽ ആറാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു.
കേസിൽ തലശേരി സ്വദേശി എം.ജിതേഷ് , കുറ്റിയാടി സ്വദേശി അജീഷ്, തലശേരി കൊതേരി സ്വദേശി രഖിൽ, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. 2012ലാണ് രത്‌ന വ്യാപാരിയായ ഹരിഹരവർമ്മ കൊല്ലപ്പെട്ടത്. തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള അഡ്വക്കേറ്റ് ഹരിദാസിന്റെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം നടന്നത്.
ഹരിഹരവർമ്മയുടെ കയ്യിലുള്ള രത്നങ്ങൾ വാങ്ങാനെത്തിയവർ വിലയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ക്ലോറോഫോം മണപ്പിച്ച ശേഷം കടന്നുകളയുകയും ക്ളോറോഫേം അധികമായതിനാൽ ഹരിഹരവർമ്മ മരിക്കുകയുമായിരുന്നു. 65 മുത്ത്, 16 പവിഴം, 73 മരതകം, 22 വൈഡുര്യം, 4 മാണിക്യം, 5 ഇന്ദ്രനീലം, 29 പുഷ്യരാഗം, ഇതിനു പുറമെ ക്യാറ്റ്‌സ്‌റ്റോൺ, എമറാൾഡ് തുടങ്ങിയ രത്‌നങ്ങളാണ് വർമ്മയുടെ പക്കൽ ഉണ്ടായിരുന്നത്. ആദ്യം രത്നങ്ങൾ വ്യാജമാണെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയതെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ കോടികൾ മതിക്കുന്ന രത്നങ്ങളാണിതെന്ന വിവരം പുറത്തുവരികയായിരുന്നു.